തിരുവനന്തപുരം: പാറശ്ശാല ഷാരോൺ രാജ് കൊലക്കേസിൽ പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ ശിക്ഷാവിധി ഇന്ന് പ്രസ്താവിക്കും. ഒന്നാം പ്രതി ഗ്രീഷ്മയും മൂന്നാം പ്രതി അമ്മാവൻ നിർമ്മലകുമാറും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. രണ്ടാം പ്രതിയായ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. കൊലപാതകം, വിഷം നൽകൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞത്.
അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിക്കണമെന്നും പ്രതി ഗ്രീഷ്മയ്‌ക്ക് പരമാവധി ശിക്ഷ നൽകണമെന്നുമാണ് ഷാരോണിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. ഷാരോണിനെയല്ല അയാളുടെ പ്രണയത്തെയാണ് ഗ്രീഷ്മ കൊന്നതെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഗ്രീഷ്മയുടെ പ്രായം, തുടർപഠനം ഇവയൊക്കെ മുന്നിൽ കണ്ട് ശിക്ഷയുടെ കാലാവധി കുറയ്‌ക്കണമെന്നാണ് പ്രതിഭാഗത്തിന്റെ ആവശ്യം.
കേരളത്തെ നടുക്കിയ കേസിൽ നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് വിധി പറയുക. കാമുകിയായിരുന്ന ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കുടിപ്പിക്കുകയും ഇതിന് പിന്നാലെ ഷാരോൺ കൊല്ലപ്പെടുകയും ചെയ്തെന്നാണ് കേസ്. ഒന്നും മൂന്നും പ്രതികൾ കുറ്റം ചെയ്തത് സംശയാതീതമായി തെളിയിക്കാൻ കഴിഞ്ഞിരുന്നു. കൊലപാതകം, തട്ടിക്കൊണ്ടുപോകാൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കാണ് ഗ്രീഷ്മയ്‌ക്ക് ശിക്ഷ വിധിക്കുക. തെളിവ് നശിപ്പിച്ചെന്ന കുറ്റമാണ് അമ്മാവൻ നിർമ്മൽകുമാറിനെതിരെ തെളിയിക്കപ്പെട്ടത്. എന്നാൽ തെളിവുകളുടെ അഭാവത്തിൽ അമ്മ സിന്ധുവിനെ വെറുതെവിട്ടു.
ഷാരോണും ഗ്രീഷ്മയും വർഷങ്ങളായി പ്രണയിച്ചവരായിരുന്നു. ഗ്രീഷ്മയ്‌ക്ക് മറ്റൊരു വിവാഹം നിശ്ചയിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ ശ്രമിച്ചു. ജ്യൂസ് ചലഞ്ച് എന്ന പേരിൽ നടത്തി പാരാസെറ്റമോൾ കലർത്തിയ ജ്യൂസ് ഷാരോണിനെ കുടിപ്പിച്ചു. എന്നാൽ ദേഹാസ്വാസ്ഥ്യമുണ്ടായെങ്കിലും യുവാവ് രക്ഷപ്പെട്ടിരുന്നു. ഇതോടെയാണ് വീട്ടിലേക്ക് വിളിച്ചു വരുത്തി കഷായത്തിൽ കീടനാശിനി കലർത്തി നൽകിയത്. ആരോഗ്യനില വഷളായ ഷാരോൺ ഏതാനും ദിവസങ്ങൾക്കുള്ളിൽ കൊല്ലപ്പെടുകയായിരുന്നു.















