ലണ്ടൻ: ബ്രിട്ടനിലെ മധ്യവർഗം സമ്പന്നരായത് കൊളോണിയൽ കാലഘട്ടത്തിൽ ഇന്ത്യയിൽ നിന്നും കൊള്ളയടിച്ച പണം കൊണ്ട്. 1765 നും 1900 നും ഇടയിലുള്ള ഒരു നൂറ്റാണ്ടിന്റെ കൊളോണിയൽ ഭരണ കാലഘട്ടത്തിൽ ബ്രിട്ടൻ ഇന്ത്യയിൽ നിന്നുംകടത്തിയത് 64.82 ട്രില്യൺ യുഎസ് ഡോളറാണ്. ഇതിൽ 33.8 ട്രില്യൺ യുഎസ് ഡോളറും 10 ശതമാനം വരുന്ന ഇംഗ്ലണ്ടിലെ ധനികരുടെ കയ്യിലാണ്. ഓക്സ്ഫാം ഇൻ്റർനാഷണലിന്റെ ഏറ്റവും പുതിയ ആഗോള അസമത്വ റിപ്പോർട്ടിലാണ് പുതിയ വെളിപ്പെടുത്തൽ.
1750-ൽ ആഗോള വ്യാവസായിക ഉൽപ്പാദനത്തിന്റെ ഏകദേശം 25 ശതമാനം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലായിരുന്നു. എന്നാൽ 1900 ആയപ്പോഴേക്കും ഈ കണക്ക് വെറും 2 ശതമാനമായി കുറഞ്ഞുവെന്ന് ഓക്സ്ഫാം റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഏഷ്യൻ തുണിത്തരങ്ങൾക്കെതിരെ കർശനമായ നയങ്ങൾ നടപ്പാക്കി ഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദനം തകർത്തത് കോളനിവൽക്കരണമാണ്. കിഴക്കൻ ഇന്ത്യയിലെ ദരിദ്രമായ പ്രദേശങ്ങളിൽ ബ്രിട്ടീഷുകാർ വൻതോതിൽ പോപ്പി കൃഷി ചെയ്തുവെന്നും അത് ചൈനയിലേക്ക് കയറ്റുമതി ചെയ്തുവെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
ഇന്ത്യയിൽ നിന്ന് കടത്തിയ സമ്പത്തിന്റെ 52 ശതമാനവും യുകെയിലെ സമ്പന്നരായ 10 ശതമാനത്തിന്റെ കൈകളിലാണ് എത്തിയത്. ഇംഗ്ലണ്ടിൽ ഇന്നുള്ള ഏറ്റവും ധനികരായ ആളുകളുടെ സമ്പത്തിന്റെ അടിത്തറ കോളോണിയലിസവും അടിമത്തവുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ആധുനിക ബഹുരാഷ്‌ട്ര കോർപ്പറേഷൻ കൊളോണിയലിസത്തിന്റെ സൃഷ്ടിയാണ്. ഈസ്റ്റ് ഇന്ത്യാ കമ്പനി പോലുള്ള കോർപ്പറേഷനുകളാണ് ഇതിന് മുൻകൈയെടുത്തത്. ഇവർ നിരവധി കൊളോണിയൽ കുറ്റകൃത്യങ്ങൾക്ക് ഉത്തരവാദികളാണെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു.















