തിരുവനന്തപുരം: ‘പ്രണയത്തെ’ കൊന്ന ഗ്രീഷ്മയ്‌ക്ക് വധശിക്ഷ. പാറശ്ശാല ഷാരോൺ കൊലക്കേസിൽ ഒന്നാംപ്രതിയും കാമുകിയുമായ ഗ്രീഷ്മയ്‌ക്ക് തൂക്കുകയറാണ് കോടതി വിധിച്ചത്. തട്ടിക്കൊണ്ടുപോകലിന് പത്ത് വർഷം തടവും അന്വേഷണം വഴിതിരിച്ചുവിടാൻ ശ്രമിച്ചതിന് അഞ്ച് വർഷം തടവും ശിക്ഷയനുഭവിക്കണം. അപൂർവങ്ങളിൽ അപൂർവമായ കേസായി ഷാരോൺ വധം കണക്കിലെടുക്കണമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്.
മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമൽ കുമാർ നായർക്ക് 3 വർഷം തടവാണ് ശിക്ഷ. 50,000 രൂപ പിഴയും വിധിച്ചു. തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചെന്ന കുറ്റമാണ് നിർമൽ കുമാറിനെതിരെ തെളിഞ്ഞത്. നെയ്യാറ്റിൻകര സെഷൻസ് കോടതിയുടേതാണ് ശിക്ഷാവിധി. ജഡ്ജി എ.എം ബഷീറായിരുന്നു ശിക്ഷ വിധിച്ചത്.
ശിക്ഷ പ്രസ്താവിക്കുന്നതിന് മുൻപ് കോടതി മുറിക്കുള്ളിൽ പൊട്ടിക്കരഞ്ഞ ഗ്രീഷ്മ, വിധി വന്നതോടെ പ്രതികരണമില്ലാതെ നിന്നു. ശിക്ഷാ വിധി കേട്ട ഷാരോണിന്റെ കുടുംബം കോടതിമുറിക്കുള്ളിൽ വിതുമ്പുകയും ചെയ്തു.
കേസ് അന്വേഷിച്ച പൊലീസ് സംഘത്തെ കോടതി അഭിനന്ദിച്ചിരുന്നു. ഗ്രീഷ്മയ്‌ക്കെതിരായ കുറ്റങ്ങൾ സമർത്ഥമായി തെളിയിച്ചതിൽ കേരള പോലീസിന് അഭിമാനിക്കാമെന്ന് കോടതി പറഞ്ഞു. പ്രതി ഗ്രീഷ്മയെക്കുറിച്ച് നിർണായക നിരീക്ഷണങ്ങളും കോടതി നടത്തി.
READ MORE: “മരണക്കിടക്കയിലും അവളെ സ്നേഹിച്ചു!! ഗ്രീഷ്മയുടേത് വിശ്വാസ വഞ്ചന; ലൈംഗിക ബന്ധത്തിൽ ഏർപ്പെടാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി“- കോടതി
അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിക്കണമെന്നും പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നുമായിരുന്നു ഷാരോണിന്റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടത്. ഷാരോണിനെയല്ല അയാളുടെ പ്രണയത്തെയാണ് ഗ്രീഷ്മ കൊന്നതെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. ഗ്രീഷ്മയുടെ പ്രായം, തുടർപഠനം ഇവയൊക്കെ മുന്നിൽ കണ്ട് ശിക്ഷയുടെ കാലാവധി കുറയ്‌ക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം. എന്നാൽ ക്രൂരതയുടെ ഗൗരവം കണക്കിലെടുത്ത കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.
പാറശ്ശാല സ്വദേശിയായ ഷാരോൺ രാജിനെ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ കാമുകിയായ പ്രതി ഗ്രീഷ്മയ്‌ക്ക് എന്തുശിക്ഷ ലഭിക്കുമെന്നറിയാൻ നൂറുകണക്കിനാളുകളാണ് കോടതി പരിസരത്ത് തടച്ചുകൂടിയത്. ഷാരോണിന്റെ കുടുംബാംഗങ്ങളും കോടതിയിലെത്തിയിരുന്നു. നെയ്യാറ്റിൻകര കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന എല്ലാ അഭിഭാഷകരും വിധി കേൾക്കാൻ എത്തി.















