തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്‌ക്കെതിരായ ശിക്ഷ വിധിക്കുന്നതിന് മുൻപ് നിർണായക നിരീക്ഷണങ്ങൾ നടത്തി കോടതി. ഷാരോൺ പ്രണയത്തിന് അടിമയായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. മരണക്കിടക്കയിലും ഷാരോൺ ഗ്രീഷ്മയെ സ്നേഹിച്ചിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.
തന്റെ കാമുകി ശിക്ഷിക്കപ്പെടാൻ ഷാരോൺ ആഗ്രഹിച്ചിരുന്നില്ല. ഷാരോണിന് പരാതിയുണ്ടോ ഇല്ലയോ എന്നത് കോടതിക്ക് മുൻപിൽ പ്രസക്തമല്ല വിഷയമല്ല. ജ്യൂസിന് എന്തോ പ്രശ്നമുണ്ടെന്ന് ഷാരോണിന് തോന്നിയിരുന്നു. അതുകൊണ്ടാണ് ഗ്രീഷ്മ വേണ്ടെന്ന് പറഞ്ഞിട്ടും ഷാരോൺ വീഡിയോ റെക്കോർഡ് ചെയ്തത്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടാമെന്ന് പറഞ്ഞാണ് ഷാരോണിനെ വിളിച്ചുവരുത്തിയത്. ഗ്രീഷ്മ വിശ്വാസ വഞ്ചന നടത്തിയെന്നും കോടതി ചൂണ്ടിക്കാട്ടി. 11 ദിവസം ഒരു തുള്ളി വെള്ളം ഇറക്കാൻ കഴിയാതെ ഷാരോൺ കിടന്നുവെന്നും കോടതി പറഞ്ഞു.
പ്രകോപനം ഇല്ലാതെയായിരുന്നു കൊലപാതകം. പരമാവധി ശിക്ഷ നൽകരുതെന്ന നിയമം ഇല്ല. അന്വേഷണത്തെ വഴിതെറ്റിക്കാൻ വേണ്ടിയായിരുന്നു പ്രതി ആത്മഹത്യാശ്രമം നടത്തിയത്. സമർത്ഥയായ കൊലപാതകിയാണ് ഗ്രീഷ്മയെന്നും കോടതി പറഞ്ഞു.
ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണ് പ്രതി ഗ്രീഷ്മ. ആദ്യം കൊല്ലാൻ ശ്രമിച്ചു. നടക്കാതെ വന്നപ്പോൾ വീണ്ടും വിളിച്ചുവരുത്തി വിഷം നൽകി. ഗ്രീഷ്മ വീണ്ടും വീണ്ടും കുറ്റകൃത്യം നടത്തി. ഘട്ടം ഘട്ടമായി കൊലപാതകം നടത്തുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. ഗ്രീഷ്മയ്‌ക്കെതിരെ 48 സാഹചര്യത്തെളിവുകളുണ്ടെന്നും കോടതി പറഞ്ഞു. നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് വിധി പ്രസ്താവത്തിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ജഡ്ജി എഎം ബഷീറിന്റേതായിരുന്നു നിരീക്ഷണം.















