തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്‌ക്ക് വധശിക്ഷ വിധിച്ചതിൽ സന്തോഷമുണ്ടെന്ന് അന്വേഷണ സംഘത്തിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥ ശിൽപ ഐഎഎസ്. ഇതൊരു കൂട്ടായ അന്വേഷണത്തിന്റെ വിധിയാണെന്നും പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത് മുതൽ ആത്മാർത്ഥമായി അന്വേഷിച്ചതിന്റെയും സൂക്ഷ്മമായി നിരീക്ഷിച്ചതിന്റെയും ഫലമാണിതെന്നും ഉദ്യോഗസ്ഥ പറഞ്ഞു.
“വളരെയധികം സന്തോഷമുണ്ട്. ഇങ്ങനെയൊരു വിധി പ്രസ്താവനയിൽ അഭിമാനമുണ്ട്. അന്വേഷത്തിന് ഒരുപാട് വെല്ലുവിളികൾ നമുക്കുണ്ടായിരുന്നു. ഗ്രീഷ്മ അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചിരുന്നു. കേസ് വഴിതിരിച്ചുവിടാൻ ശ്രമിച്ചതായിരുന്നു അന്വേഷണത്തിലെ ഏറ്റവും വലിയ വെല്ലുവിളി. എല്ലാ തെളിവുകളും കണ്ടെത്തിയതിന് ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് ഗ്രീഷ്മ കുറ്റം സമ്മതിച്ചതെന്നും” ഉദ്യോഗസ്ഥ പറഞ്ഞു.
അപൂർവ്വങ്ങളിൽ അപൂർവം എന്ന് തന്നെയാണ് കോടതി നിരീക്ഷിച്ചതെന്നും പരമാവധി ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുക മാത്രമല്ല, ഈ കുറ്റകൃത്യത്തിലേക്ക് ഘട്ടംഘട്ടമായി കടക്കുന്നതിലും അന്വേഷണസംഘം വിജയിച്ചു. രാത്രിയും പകലും ഓടിയാണ് തെളിവുകൾ ശേഖരിച്ചത്.
ആശുപത്രി കിടക്കയിൽ പോലും ഗ്രീഷ്മയോട് സ്നേഹത്തോടെയാണ് ഷാരോൺ സംസാരിച്ചത്. ക്രിമിനലായിട്ടുള്ള ഒരു വ്യക്തി ആസൂത്രിതമായി എങ്ങനെയാണോ ചെയ്യുന്നത് അതുപോലെയാണ് ഗ്രീഷ്മ ഓരോ കാര്യങ്ങളും ചെയ്തത്. ആശുപത്രി കിടക്കിയിൽ കിടക്കുമ്പോൾ പോലും ഗ്രീഷ്മയെ തള്ളിപ്പറയാൻ ഷാരോൺ തയാറായിട്ടില്ല. ഷാരോണിനെ തെറ്റിദ്ധരിപ്പിക്കാൻ ഗ്രീഷ്മ അഭിനയിച്ചിരുന്നു. പ്രായം കുറവായതുകൊണ്ട് നിഷ്ക്രൂരമായ ഒരു കൊലപാതകം ന്യായീകരിക്കപ്പെടുന്നില്ലെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.















