തിരുവനന്തപുരം: മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ഷാരോൺ വധക്കേസിൽ നിർണായകമായത് ഷാരോണിന്റെ സുഹൃത്ത് റിജിന്റെ മൊഴി. ഗ്രീഷ്മയുടെ വീട്ടിൽ ഷാരോണിനെ എത്തിച്ചതും തിരികെ കൊണ്ടുവന്നതും റിജിനാണ്. ഗ്രീഷ്മ കഷായം തന്നുവെന്ന് ഷാരോൺ റിജിനോട് പറഞ്ഞിരുന്നു. ഇതാണ് കേസന്വേഷണത്തിൽ നിർണായകമായത്.
ഷാരോണിനെ ഇത്രയും ദ്രോഹിച്ച ഗ്രീഷ്മയ്‌ക്ക് തൂക്കുകയർ കിട്ടിയതിൽ സന്തോഷമുണ്ടെന്നും കോടതിക്ക് നന്ദിയുണ്ടെന്നും റിജിൻ പ്രതികരിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ഛർദ്ദിലോടെയാണ് അവളുടെ വീട്ടിൽ നിന്ന് ഷാരോൺ ഇറങ്ങിയത്. വണ്ടിയിൽ വച്ച് രണ്ട് മൂന്ന് തവണ ഛർദ്ദിച്ചു. പച്ച നിറത്തിലാണ് ഛർദ്ദിച്ചത്. അങ്ങനെയാണ് ഞാൻ അവനോട് കാര്യം ചോദിച്ചത്. അവൾ കഷായവും ഫ്രൂട്ടിയും തന്നുവെന്ന് അവൻ പറഞ്ഞിരുന്നു. പിന്നീട് ചതിച്ചു എന്നും ഷാരോൺ എന്നോട‍് പറഞ്ഞിട്ടുണ്ട്.
അവളെ ഒരുപാട് വിശ്വാസമുണ്ടായിരുന്നു. അവസാനം വരെയും അവളെ അവന് വിശ്വാസമുണ്ടായിരുന്നു. ഇതുപോലെ മറ്റൊരാൾക്കും വരരുത്. ഷാരോണിനും കുടുംബത്തിനും നീതി ലഭിച്ചുവെന്നും റിജിൻ പറഞ്ഞു.
ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചുവരുത്തിയപ്പോൾ ഷാരോണിന്റെ പക്കൽ ബൈക്ക് ഉണ്ടായിരുന്നില്ല. തുടർന്ന് ആരുടെയെങ്കിലും ബൈക്കുമായി വരാൻ ഗ്രീഷ്മ നിർബന്ധിക്കുകയായിരുന്നു. ഇതോടെയാണ് ഷാരോൺ റിജിനൊപ്പം ഗ്രീഷ്മയുടെ വീട്ടിലേക്ക് പോയത്. റിജിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഷാരോണിന്റെ കുടുംബം പൊലീസിൽ പരാതി നൽകിയത്.















