കൊച്ചി: ഗ്രീഷ്മയ്‌ക്ക് ലഭിച്ച വധശിക്ഷ ഹൈക്കോടതി ശരിവെക്കാൻ സാധ്യത കുറവാണെന്ന് ജസ്റ്റിസ് ബി. കെമാൽ പാഷ. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി നടത്തിയത് അധികശിക്ഷയാണെന്നാണ് ഹൈക്കോടതി മുൻ ജഡ്ജിയുടെ പ്രതികരണം. സുപ്രീംകോടതി വിധികൾ പരിശോധിച്ചാൽ ഇത് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രീഷ്മ ആത്മഹത്യാശ്രമം നടത്താനുണ്ടായ സാഹചര്യം കോടതി പരിഗണിക്കണമായിരുന്നുവെന്നും ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു.
ജീവപര്യന്തം ശിക്ഷ വളരെ കുറവാണ്, അല്ലെങ്കിൽ കുറ്റകൃത്യത്തിന് മതിയാകുന്ന ശിക്ഷയല്ല എന്ന നിരീക്ഷണം വരുന്ന കേസുകളിൽ മാത്രമാണ് വധശിക്ഷ വിധിക്കുക. ഈ കേസിൽ പ്രതിയായ പെൺകുട്ടിക്ക് 24 വയസ് മാത്രമേയുള്ളൂ. അതുകൊണ്ടാണ് ഇതിൽ പെട്ടുപോയത്. ഷാരോണിന്റെ കൈവശം സ്വകാര്യ ചിത്രങ്ങൾ ഉണ്ടായിരുന്നതിനാൽ ബന്ധത്തിൽ നിന്ന് പിന്മാറാൻ കഴിയാത്ത അവസ്ഥയായി. തുടർന്ന് ഷാരോണിനെ ഒഴിവാക്കാൻ മറ്റ് വഴികളില്ലെന്ന തോന്നലാണ് കൊലപാതകം നടത്താൻ പെൺകുട്ടിയെ പ്രേരിപ്പിച്ചത്. ഈ കേസിന്റെ ശിക്ഷാവിധി ജീവപര്യന്തം തടവിൽ നിൽക്കേണ്ടതായിരുന്നു. അപൂർവത്തിൽ അപൂർവമായ കേസായി ഇതിനെ പരിഗണിക്കാനാവില്ലെന്നും കെമാൽ പാഷ പറഞ്ഞു.















