എമ്പുരാനിലെ ടൊവിനോ തോമസിന്റെ കാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ടൊവിനോയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് കാരക്ടർ പോസ്റ്റർ റിലീസ് ചെയ്തത്. മോഹൻലാൽ, പൃഥ്വിരാജ് എന്നിവരുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പങ്കുവച്ചത്. ‘ഹാപ്പി ബെർത്ത്ഡേ ജതിൻ ദാസ്’ എന്നാണ് പോസ്റ്ററിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.
ലൂസിഫറിലെ ജതിൻ ദാസിനെ അവതരിപ്പിച്ച ടൊവിനോയുടെ പ്രകടനം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. രണ്ടാം ഭാഗത്തിലും പുതിയൊരു വേഷപ്പകർച്ചയിൽ എത്തുന്ന ടൊവിനോയുടെ കാരക്ടർ പോസ്റ്റർ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. ഒപ്പം താരത്തിന് പിറന്നാളാശംസകൾ അറിയിക്കാനും ആരാധകർ മറന്നില്ല. ലൂസിഫറിലെ ടൊവിനായുടെ ഹിറ്റ് ഡയലോഗുകൾ കുറിച്ചാണ് ആരാധകർ ആശംസകൾ പങ്കുവക്കുന്നത്.
എമ്പുരാൻ കാണാൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്ന് പ്രേക്ഷകർ പറയുന്നു. കാരക്ടർ പോസ്റ്ററിന് സൂചന നൽകി ഒരു പോസ്റ്റർ അണിയറപ്രവർത്തകർ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ‘ദൈവപുത്രൻ വരട്ടെ’ എന്നായിരുന്നു പോസ്റ്ററിന്റെ അടിക്കുറിപ്പ്. ഇതിന് പിന്നാലെ ചിത്രത്തിന്റെ ടീസറാണോ പ്രൊമോ സോംഗാണോ ട്രെയിലറാണോ എന്നിങ്ങനെയുള്ള നിരവധി സംശയങ്ങളും ആരാധകർക്കുണ്ടായിരുന്നു.
മാർച്ച് 27-നാണ് എമ്പുരാൻ തിയേറ്ററുകളിലെത്തുന്നത്. അഞ്ച് ഭാഷകളിലായി വേൾഡ് വൈഡ് റിലീസായാണ് ചിത്രം എത്തുന്നത്.















