ജയ്‌പൂർ: രാജസ്ഥനിലെ ഒരു വ്യവസായി നേരിട്ട അപ്രതീക്ഷിത സംഭവങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ദിവസങ്ങൾക്ക് മുൻപ് അൽവാറിലെ വ്യവസായി രാമാവതാറിന് ലഭിച്ച ഒരു അജ്ഞാത ഫോൺ കോളിലാണ് സംഭവങ്ങളുടെ തുടക്കം. കോളിൽ തന്നെ രക്ഷിക്കാൻ കരഞ്ഞുകൊണ്ട് അപേക്ഷിക്കുന്ന മകന്റെ ശബ്ദമാണ് രാമാവതാർ കേട്ടത്.
ഡിസംബർ 7-നാണ് സംഭവം. പൊലീസ് ഉദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തി വിളിച്ചയാൾ രാമാവതാറിന്റെ മകനെ തട്ടിക്കൊണ്ടുപോകൽ കേസിൽ അറസ്റ്റ് ചെയ്തതായി അറിയിക്കുകയായിരുന്നു. കേസിൽ നിന്നും മകന്റെ പേര് നീക്കണമെങ്കിൽ മൂന്ന് ലക്ഷം രൂപ വേണമെന്നും ആവശ്യപ്പെട്ടു. പണം ഉടൻ അയച്ചില്ലെങ്കിൽ മകനെ ജയിലടയ്‌ക്കുമെന്നായിരുന്നു ഭീഷണി.
ഭയന്നുപോയ രാമാവതാർ എന്തുചെയ്യണമെന്നറിയാതെ സഹായത്തിനായി അയൽവാസിയായ മറ്റൊരു ബിസിനസുകാരൻ സത്യ വിജയിയെ സമീപിച്ചു. ഫോൺ നമ്പർ പരിശോധിച്ച സത്യ പൊലീസുകാരന്റെ വാട്ട്സ് ആപ്പ് ഡിസ്പ്ലേ ചിത്രം വ്യാജമാണെന്ന് കണ്ടെത്തി. സൈബർ തട്ടിപ്പാണെന്ന് മനസിലായതോടെ രാമവാതർ തന്നെ വിളിച്ചയാളോട് കോളിൽ പൊലീസിനെയും കണക്ട് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു. ഇതോടെ തട്ടിപ്പുകാരൻ ഉടൻ തന്നെ കോൾ കട്ടാക്കി തടിതപ്പി.
കശ്മീരിലേക്ക് ഹണിമൂൺ പോയ രാമാവതാറിന്റെ മകന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഈ അവസരം മുതലെടുത്തതായിരുന്നു തട്ടിപ്പ് സംഘത്തിന്റെ ഫോൺ കോൾ.















