വാഷിംഗ്‌ടൺ: അമേരിക്കയുടെ 47-ാം പ്രസിഡന്‍റായി ഡൊണാൾഡ് ട്രംപ് അധികാരമേൽക്കുന്നതിന് മുൻപും ശേഷവുമുള്ള ദിവസങ്ങളിൽ ആളുകൾ ഏറ്റവും കൂടുതൽ തിരഞ്ഞത് വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്ത ജെ ഡി വാൻസിന്റെ ഭാര്യ ഉഷ വാൻസിനെക്കുറിച്ചാണ്. ഇന്ത്യൻ വംശജയായ ഉഷയുടെ മതം ഏതെന്നറിയാനായിരുന്നു പലരുടെയും താല്പര്യം.
1980-കളിൽ അമേരിക്കയിലേക്ക് കുടിയേറിയ ഇന്ത്യൻ ദമ്പതികളുട മകളാണ് സാൻ ഡിയാഗോയിൽ ജനിച്ച ഉഷ. പിതാവ് ഐഐടി മദ്രാസിൽ നിന്ന് ബിരുദധാരിയാണ്. അമ്മ മോളിക്യുലാർ ബയോളജിസ്റ്റായി ജോലി ചെയ്യുന്നു. 2010 ൽ യേൽ സർവകലാശാലയിൽ നിയമ വിദ്യാർത്ഥികളായിരിക്കെയാണ് ഉഷയും ജെ ഡി വൻസും കണ്ടുമുട്ടുന്നത്. 2014 ൽ ഇരുവരും വിവാഹിതരായി. വാൻസിന്റെ സത്യപ്രതിജ്ഞയ്‌ക്ക് മുന്നേ ‘ഉഷ വാൻസിന്റെ മതം’ എന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞതെന്ന് ഗൂഗിൾ ഡാറ്റ കാണിക്കുന്നു. യുഎസ്, കാനഡ, ദക്ഷിണാഫ്രിക്ക, യുകെ, ഇന്ത്യ എന്നിവിടങ്ങളിലുള്ളവരാണ് കൂടുതലും ഇക്കാര്യം തിരഞ്ഞത്.
ഭർത്താവും അമേരിക്കയുടെ വൈസ് പ്രസിഡന്റുമായ ജെഡി വാൻസ് ക്രിസ്തുമത വിശ്വാസിയാണെങ്കിലും ഉഷ വാൻസ് ക്രിസ്തുമതം പിന്തുടരുന്നില്ല. 2024 ജൂണിൽ ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ, താൻ ഒരു ക്രിസ്ത്യാനിയല്ലെന്ന് ഉഷ വെളിപ്പെടുത്തിയിരുന്നു. തന്റെ മാതാപിതാക്കൾ ഹിന്ദു വിശ്വാസികളാണെന്നും താൻ ഒരു ഹിന്ദുവാണെന്നും അവർ സൂചന നൽകി. “എന്റെ മാതാപിതാക്കൾ ഹിന്ദുക്കളാണ്, അതാണ് അവരെ നല്ല മാതാപിതാക്കളാക്കി മാറ്റിയതും, അവരെ വളരെ നല്ല ആളുകളാക്കിയതും. എന്റെ ജീവിതത്തിലും അത് നൽകുന്ന ശക്തി ഞാൻ അനുഭവിച്ചറിഞ്ഞിട്ടുണ്ട്,” ഉഷ പറഞ്ഞു.