ഉണ്ണി മുകുന്ദൻ ഉഗ്രൻ വേഷത്തിലെത്തിയ വയലന്റ് ചിത്രമായ മാർക്കോ വിജയകുതിപ്പ് തുടരുന്നതിനിടെ ബോക്സോഫീസ് കണക്കുകൾ പുറത്ത്. ക്രിസ്മസ് റിലീസായി എത്തിയ ചിത്രം ഇതുവരെ 115 കോടിയാണ് നേടിയിരിക്കുന്നത്. ഇതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ട് പുതിയ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടു.
മലയാള സിനിമയുടെ അഭിമാന ചിത്രം എന്നാണ് പ്രേക്ഷകർ മാർക്കോയെ വിശേഷിപ്പിക്കുന്നത്. മലയാളത്തിന്റെ മോസ്റ്റ് വയലന്റ് ചിത്രത്തിന് മലയാളത്തിന് പുറമേ ഹിന്ദിയിലും തെലുങ്കിലും കന്നടയിലും ആസ്വാദകർ ദിനംപ്രതി വർദ്ധിക്കുകയാണ്. അടുത്ത കാലത്തൊന്നും ഒടിടിയിൽ എത്തില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്. 450-ലധികം സ്ക്രീനുകളിൽ ഇപ്പോഴും പ്രദർശനം തുടരുകയാണ്.
മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു എ സർട്ടിഫിക്കറ്റ് ചിത്രം നൂറ് കോടി കടക്കുന്നത്. എന്നാൽ വീണ്ടും വിജയക്കുതിപ്പ് തുടർന്നുകൊണ്ടിരിക്കുകയാണ് മാർക്കോ. ചിത്രം ഏപ്രിലിൽ കൊറിയയിൽ റിലീസ് ചെയ്യുന്നതോടെ ബാഹുബലിക്ക് ശേഷം കൊറിയയിൽ റിലീസ് ചെയ്യുന്ന ദക്ഷിണേന്ത്യൻ ചിത്രമെന്ന നേട്ടവും മാർക്കോയെ തേടിയെത്തും. കൊറിയയിൽ നൂറോളം തിയേറ്ററുകളിലാണ് പ്രദർശനത്തിനെത്തുന്നത്.















