തമിഴ് സംവിധായകൻ അജയ് ജ്ഞാനമുത്തു വിവാഹതിനായി. ജനുവരി 19-ന് ചെന്നൈയിൽ, പരമ്പരാഗത ചടങ്ങുകളോടെയാണ് വിവാഹം നടന്നത്. സുഹൃത്തായ ഷിമോണിയാണ് അജയ് ജ്ഞാനമുത്തുവിന്റെ വധു. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ഏറെക്കാലം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.

താരങ്ങളായ ചിയാൻ വിക്രം, വിശാൽ, അശ്വിൻ കുമാർ, ആനന്ദ് രാജ് എന്നിവരും വിവാഹത്തിൽ പങ്കെടുത്ത് നവദമ്പതികൾക്ക് ആശംസകളറിയിച്ചു.

അജയ് ജ്ഞാനമുത്തുവിനോടൊപ്പമുള്ള താരങ്ങളുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. സംഗീത സംവിധായകന്മാരായ ഹിപ്ഹോക്ക് ആദിയും ജീവയും വിവാഹത്തിൽ പങ്കെടുത്തിരുന്നു.

‘ഡിമോണ്ടി കോളനികൾ’ എന്ന ചിത്രത്തിലൂടെയാണ് അജയ് ജ്ഞാനമുത്തു സംവിധാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. അതിന് മുമ്പ് തുപ്പാക്കി, ഏഴാം അറിവ് എന്നീ ഹിറ്റ് ചിത്രങ്ങളിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. നയൻതാരയെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ ‘ഇമൈക്ക നൊടികൾ’ എന്ന ചിത്രത്തിലൂടെ അജയ് ജ്ഞാനമുത്തു പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. പിന്നീട് പുറത്തിറങ്ങിയ വിക്രം നായകനായ ചിത്രം ‘കോബ്ര’യിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംനേടാനും അജയ് ജ്ഞാനമുത്തുവിന് സാധിച്ചു.















