ആക്രമണത്തിന് ഇരയായ ശേഷം ആദ്യമായി മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തി ബോളിവുഡ് താരം സെയ്ഫ് അലിഖാൻ. ആശപത്രിയിലെ ചികിത്സയ്‌ക്ക് ശേഷം വീട്ടിലെത്തിയപ്പോഴാണ് താരം മാദ്ധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. പൊലീസ് അകമ്പടിയിലായിരുന്നു വരവ്. പാപ്പരാസികൾക്ക് മുന്നിൽ കൈകയുയർത്തി കാട്ടിയ ശേഷമാണ് നടൻ മടങ്ങിയത്. മാദ്ധ്യമങ്ങൾക്ക് നന്ദിയും പറഞ്ഞു. ഇടതു കൈയിലെയും കഴുത്തിലെയും മുറിവുകളിൽ ബാൻഡേജ് ഇട്ടിരിക്കുന്നതും കാണാമായിരുന്നു. ലീലാവതി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായ താരം ബാന്ദ്രയിലെ വസതിയിലാണ് മടങ്ങിയെത്തിയത്. ഭാര്യ കരീന കപൂറും മറ്റ് ബന്ധുക്കളും നടനൊപ്പമുണ്ടായിരുന്നു.
താരത്തിന്റെ വസതിയിൽ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സിസിടിവി കാമറകളും സ്ഥാപിച്ചു. ജനുവരി 16-നാണ് വീട്ടിൽ അതിക്രമിച്ച് കടന്ന മോഷ്ടാവ് സെയ്ഫിനെ ആക്രമിക്കുന്നത്. നടന് ആറുതവണയാണ് പ്രതിരോധിക്കുന്നതിനിടെ കുത്തേറ്റത്. നട്ടെല്ലിലും കഴുത്തിലും കൈയിലുമായാണ് കുത്തേറ്റത്. പ്രതിയായ മൊഹമ്മദ് ഷരീഫുൾ ഇസ്ലാമുമായി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഇന്ത്യ വിടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലാകുന്നതെന്ന് പൊലീസ് പറഞ്ഞു. ബംഗ്ലാദേശിലെ ത്സലോകതി സ്വദേശിയാണ് ഇയാൾ.