അക്ഷയ് കുമാർ നായകനാകുന്ന പുതിയ ചിത്രം സ്കൈ ഫോഴ്സിന് ആശംസകളറിയിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. അണിയറപ്രവർത്തകർ നടത്തിയ പ്രത്യേക സ്ക്രീനിംഗിൽ രാജ്നാഥ് സിംഗ് പങ്കെടുത്തു. കേന്ദ്രമന്ത്രിക്ക് വേണ്ടിയായിരുന്നു ചിത്രത്തിന്റെ പ്രത്യേക പ്രദർശനം. വ്യോമസേനയിലെ മൂന്ന് ഉദ്യോഗസ്ഥരോടൊപ്പമാണ് രാജ്നാഥ് സിംഗ് സ്ക്രീനിംഗിന് എത്തിയത്.
സ്ക്രീനിംഗിന് ശേഷം സ്കൈ ഫോഴ്സിന്റെ മുഴുവൻ അണിയറപ്രവർത്തകരെയും രാജ്നാഥ് സിംഗ് അഭിനന്ദിച്ചു. ‘1965-ലെ യുദ്ധകാലത്തെ ഇന്ത്യൻ വ്യോമസേനയുടെ ധീരതയെയാണ് സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. വ്യോമസേനയുടെ ധൈര്യത്തെയും ത്യാഗത്തെയും കുറിച്ചാണ് ചിത്രം പറയുന്നത്. ഇത്തരമൊരു സിനിമ കൊണ്ടുവന്നതിൽ ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ’- രാജ്നാഥ് സിംഗ് എക്സിൽ കുറിച്ചു.
പ്രതിരോധമന്ത്രിക്ക് നന്ദി അറിയിച്ച് അക്ഷയം കുമാറും ഒരു മറുപടി പോസ്റ്റ് പങ്കുവച്ചു. താങ്കളുടെ വിലപ്പെട്ട സമയം തങ്ങൾക്ക് വേണ്ടി ചെലവഴിച്ചതിൽ വളരെയധികം നന്ദിയുണ്ടെന്നും ഇന്ത്യയുടെ സായുധസേനയുടെ ധൈര്യത്തിനും ത്യാഗത്തിനും എന്നും കടപ്പെട്ടിരിക്കുന്നുവെന്നും അക്ഷയ് കുമാർ കുറിച്ചു.
ഇന്ത്യ-പാക് യുദ്ധത്തിൽ പോരാടിയ സ്ക്വാഡ്രൺ ലീഡർ ദേവയ്യയുടെയും വ്യോമസേനയിലെ മറ്റ് ഉദ്യോഗസ്ഥരുടെയും യഥാർത്ഥ ജീവിതത്തെയാണ് സ്കൈ ഫോഴ്സ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. സാറ അലി ഖാനാണ് ചിത്രത്തിലെ നായിക. 24 -നാണ് സ്കൈ ഫോഴ്സ് തിയേറ്ററുകളിലെത്തുന്നത്.















