പത്തനംതിട്ട: ജനവാസ മേഖലയിൽ വിലസിയ രാജവെമ്പാലയെ സാഹസികമായി പിടികൂടി വനപാലകർ. പത്തനംതിട്ട സീതത്തോടാണ് സംഭവം. പിടികൂടാൻ ശ്രമിക്കവെ നദിയിൽ ചാടിയ രാജവെമ്പാലയെ നദിയിലിറങ്ങിയാണ് വനപാലകർ പിടികൂടിയത്. ജീവൻ പണയം വച്ചായിരുന്നു വനപാലകരുടെ സാഹസിക ദൗത്യം.
സീതത്തോടിലെ ഉറുമ്പന ജനവാസ മേഖലയിലാണ് രാജവെമ്പാല എത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് റാന്നിയിൽ നിന്നാണ് ആർആർടി സംഘമെത്തിയത്. പിടികൂടുന്നതിനിടെ രാജവെമ്പാല മരത്തിന് മുകളിലേക്ക് കയറി. ഇതോടെ വനപാലകരും മരത്തിലേക്ക് കയറി. പിന്നീട് മരത്തിന്റെ കൊമ്പിൽ നിന്ന് വഴുതി പാമ്പ് നദിയിലേക്ക് വീണു.
വനപാലകർ രാജവെമ്പാലയുടെ വാലിൽ പിടികൂടിയിരുന്നു. നദിയിൽ വീണിട്ടും വനപാലകർ പിടിവിട്ടിരുന്നില്ല. പിടികൂടുന്നതിനിടെ രണ്ട് തവണ വനപാലകർക്ക് നേരെ രാജവെമ്പാല ചീറിയടുത്തിരുന്നു. തുടർന്ന് ഇരുവരും ചേർന്ന് നദിയിൽ വച്ച് തന്നെ പാമ്പിനെ പിടികൂടുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.















