മുംബൈ: സെയ്ഫ് അലി ഖാന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ താരകുടുംബത്തെ നിരന്തരം പിന്തുടരുന്ന മാദ്ധ്യമങ്ങളോടും പാപ്പരാസികളോടും വീണ്ടും അഭ്യർത്ഥിച്ച് ഭാര്യയും നടിയുമായ കരീന കപൂർ. കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്ന് സോഷ്യൽമീഡിയ പോസ്റ്റിലൂടെ കരീന വീണ്ടും ആവർത്തിച്ചു.
‘സെയ്ഫിന്റെയും കരീനയുടെയും മക്കൾക്ക് പുതിയ കളിപ്പാട്ടങ്ങൾ കൊണ്ടുവരുന്നു’- എന്ന അടിക്കുറിപ്പോടെ ഒരു വീഡിയോ സോഷ്യൽമീഡിയയിൽ പുറത്തുവന്നിരുന്നു. ഇതിന്റ് സ്ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ടാണ് കരീന രംഗത്തെത്തിയത്. ‘നിങ്ങൾ ഇതൊന്ന് അവസാനിപ്പിക്കൂ. ഹൃദയമില്ലേ നിങ്ങൾക്ക്..? ദൈവത്തെ ഓർത്ത് ഞങ്ങളെ വെറുതെവിടൂ’ -എന്നാണ് കരീന കുറിച്ചത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ച കുറിപ്പ് താരം പിന്നീട് പിൻവലിച്ചിരുന്നു.
സെയ്ഫ് ആക്രമിക്കപ്പെട്ടതിന് പിന്നാലെ ബാന്ദ്രയിലെ വീട്ടിലും നടൻ ചികിത്സയിലിരുന്ന ലീലാവതി ആശുപത്രിയിലും പാപ്പരാസികളും മാദ്ധ്യമങ്ങളും തമ്പടിച്ചിരുന്നു. ഇതിനിടെ നിരവധി വ്യാജ വാർത്തകളും അഭ്യൂഹങ്ങളുമാണ് പ്രചരിച്ചിരുന്നത്. ഇതിൽ പ്രതികരിച്ച് കരീന കപൂർ നേരത്തെയും രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസമാണ് സെയ്ഫ് അലി ഖാൻ ആശുപത്രിവിട്ടത്. ആശുപത്രിയുടെ പുറത്തെത്തിയ സെയ്ഫ് മാദ്ധ്യമങ്ങളോട് നന്ദി പറയുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. പൊലീസ് അകമ്പടിയോടെയാണ് സെയ്ഫിനെ ബാന്ദ്രയിലെ വീട്ടിലെത്തിച്ചത്.















