മുംബൈ: സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ബംഗ്ലാദേശി പൗരൻ അറസ്റ്റിലായതോടെ അനവധി ചോദ്യങ്ങളും സംശയങ്ങളും പൊതുസമൂഹത്തിൽ നിന്നുയർന്നിരുന്നു. പ്രതി ഷെരീഫുൾ ഇസ്ലാം എന്തുകൊണ്ട് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ചു? മോഷ്ടിക്കാൻ ആ വീടുതന്നെ തെരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത് എന്തെല്ലാം. പ്രതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ എന്തെല്ലാമായിരുന്നു?
ഈ ചോദ്യങ്ങൾക്കെല്ലാം അക്രമി നൽകുന്ന വിശദീകരണങ്ങൾ ഇങ്ങനെയാണ്.. കടുത്ത ദാരിദ്ര്യം, അസുഖബാധിതയായ അമ്മ ഇതെല്ലാമാണ് മോഷണത്തിന് പ്രേരിപ്പിച്ചെന്നാണ് പ്രതി പറയുന്നത്.
താനെയിലെ റെസ്റ്റോറന്റിലായിരുന്നു ജോലി. ഇതിന്റെ കരാർ അവസാനിച്ചതോടെ ജോലി നഷ്ടപ്പെട്ടു. കയ്യിൽ അഞ്ചുപൈസയില്ലാതായി. അതിസമ്പന്നരുടെ വീടുകളിൽ മോഷണം നടത്തിയ പണവുമായി വേഗം ബംഗ്ലാദേശിലേക്ക് തിരിച്ചുപോവുക എന്നതായിരുന്നു പിന്നീടുള്ള ലക്ഷ്യം. ഇതിനായി പ്രമുഖനായ സെലിബ്രിറ്റിയുടെ വീട് തെരഞ്ഞെടുത്തു. വിലപിടിപ്പുള്ള പലതും അദ്ദേഹത്തിന്റെ വീട്ടിലുണ്ടാകുമെന്ന് മനസിൽ കണ്ടാണ് സെയ്ഫിന്റെ വീട്ടിൽ കയറിയതെന്നാണ് നിഗമനം. പൊലീസുകാരാണ് ഈ വിശദീകരണം നൽകിയത്. നിലവിൽ പൊലീസ് കസ്റ്റഡിയിലാണ് പ്രതി.
താനെയിലെ ഹോട്ടൽ ജോലിക്ക് മുൻപ് വർളിയിലെ റെസ്റ്റോറന്റിലായിരുന്നു ഷെരീഫുൾ ഇസ്ലാമിന് ജോലി. പ്രതിമാസം 13,000 രൂപയായിരുന്നു ശമ്പളം. അമ്മയുടെ ചികിത്സയ്‌ക്കായി 12,000 രൂപ ബംഗ്ലാദേശിലേക്ക് അയക്കുമായിരുന്നുവെന്ന് പ്രതി പൊലീസിന് മൊഴി നൽകി. ജോലിക്കിടെ മോഷണം നടത്തിയതിനായിരുന്നു അവിടെ നിന്ന് പിരിച്ചുവിട്ടത്. ശേഷം താനെയിലെ റെസ്റ്റോറന്റിൽ ജോലി ചെയ്യുകയായിരുന്നു.















