തിരുവനന്തപുരം: സമരം ചെയ്യുന്നതിനാൽ സ്കൂളിന് അവധി നൽകി തിരുവനന്തപുരം വട്ടിയൂർക്കാവ് എൽപി സ്കൂൾ അധികൃതർ. സമരം ചെയ്യുന്നതിനാൽ സ്കൂളിന് അവധി നൽകുന്നതായി വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ സന്ദേശമിടുകയായിരുന്നു. സംഭവമറിഞ്ഞ എഇഒ സ്കൂളിലെത്തി.
200-ഓളം കുട്ടികളാണ് സ്കൂളിൽ പഠിക്കുന്നത്. പത്തോളം പേർ മെസേജ് കാണാതെ ഇന്ന് രാവിലെ സ്കൂളിലെത്തി. സ്കൂൾ തുറക്കാത്തതിനാൽ വിദ്യാർത്ഥികൾ തിരികെ പോയി.
അദ്ധ്യാപകർ ക്ലാസെടുക്കുന്നുണ്ടോയെന്ന് അറിയാനായാണ് എഇഒ സ്കൂളിലെത്തിയത്. അടഞ്ഞ് കിടക്കുകയാണെന്ന് അറിഞ്ഞതോടെ ബന്ധപ്പെട്ടവരെ അറിയിച്ചെന്നും റിപ്പോർട്ട് സമർപ്പിച്ചെന്നും എഇഒ അറിയിച്ചു.
സർക്കാർ ജീവനക്കാരും അദ്ധ്യാപകരുമൊക്കെ സമരം ചെയ്തിരുന്നെങ്കിലും ഇതുവരെ സ്കൂളുകളെയോ അധ്യായനത്തെയോ ബാധിച്ചിരുന്നില്ല. എന്നാൽ ഇതാദ്യമായാണ് സമരത്തിന്റെ പേരിലൊരു സ്കൂളിന് അവധി പ്രഖ്യാപിക്കുന്നത്. കുട്ടികളുടെ അധ്യയനം ബോധപൂർവം ഇല്ലാതാക്കാൻ അവകാശമില്ലെന്ന് പറഞ്ഞ് നാട്ടുകാരും രക്ഷിതാക്കളും രംഗത്തെത്തി.















