കഴുത്തിലും നട്ടെല്ലിലും കുത്തേറ്റ് ശരീരത്തിൽ തറച്ച കത്തിയുമായി, ചോരയിൽ കുളിച്ച് നിൽക്കുന്ന സെയ്ഫ് അലി ഖാനെ എട്ട് മിനിറ്റ് കൊണ്ട് ലീലാവതി ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ച ഓട്ടോ ഡ്രൈവറെ ആരും മറക്കാൻ സാധ്യതയില്ല. സെയ്ഫിനെ സേഫാക്കിയ ആ വ്യക്തിയെ നടൻ നേരിൽ കണ്ട് നന്ദി രേഖപ്പെടുത്തിയതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ലീലാവതി ആശുപത്രിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. തന്റെ ജീവൻ രക്ഷിച്ച ഓട്ടോ ഡ്രൈവർ ഭജൻ സിംഗ് റാണയെ ചേർത്തുപിടിച്ചുനിൽക്കുന്ന സെയ്ഫ് അലി ഖാനെ ദൃശ്യങ്ങളിൽ കാണാം. നടന്റെ അമ്മ ഷർമിള ടാഗോറുമായും ഡ്രൈവർ കൂടിക്കാഴ്ച നടത്തി. തന്റെ മകനെ സുരക്ഷിതമായി ആശുപത്രിയിലെത്തിച്ചതിന് നന്ദിയുണ്ടെന്ന് ഷർമിള ടാഗോർ പറഞ്ഞു.
ജനുവരി 16ന് രാത്രിയായിരുന്നു സെയ്ഫിന് നേരെ ആക്രമണം നടന്നത്. വീട്ടിൽ മോഷ്ടിക്കാനെത്തിയ കള്ളനെ തടയാൻ ശ്രമിച്ചതോടെ സെയ്ഫിന കുത്തേൽക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നടനെ ആശുപത്രിയിൽ കൊണ്ടുപോകാൻ വാഹനമില്ലാതെ കുടുംബം പ്രയാസപ്പെട്ടു. ഈ വേളയിൽ രക്ഷകനായെത്തിയത് ഓട്ടോ ഡ്രൈവറായ ഭജൻ സിംഗായിരുന്നു.
അപ്പാർട്ട്മെന്റിന്റെ ഗേറ്റിന് സമീപത്ത് നിന്ന് ഒരു സ്ത്രീയുടെ കരച്ചിൽ കേട്ടു. ഓട്ടോ നിർത്തൂവെന്ന് അവർ ഉറക്കെ പറഞ്ഞു. വാഹനം നിർത്തി. അപ്പോൾ ചോരയിൽ കുളിച്ചൊരാൾ ഓട്ടോയിൽ വന്നുകയറി. ആരോ ആക്രമിച്ചതാണെന്ന് മനസിലായി. എന്നാൽ ആക്രമിക്കപ്പെട്ടത് നടൻ സെയ്ഫ് അലി ഖാനാണെന്ന് അപ്പോൾ തിരിച്ചറിഞ്ഞില്ല. അദ്ദേഹത്തിന്റെയൊപ്പം ഒരു യുവാവും ചെറിയൊരു കുട്ടിയുമുണ്ടായിരുന്നു. എത്ര മിനിറ്റെടുക്കുമെന്ന് സെയ്ഫ് ചോദിച്ചു. 8-10 മിനിറ്റിനുള്ളിൽ ആശുപത്രിയിലെത്തി. അദ്ദേഹത്തിന്റെ വെള്ള കുർത്ത മുഴുവൻ ചോരപുരണ്ടിരുന്നു. ഒരുപാട് രക്തം വാർന്നുപോയി. അവരിൽ നിന്ന് പണം വാങ്ങാതെ ഞാൻ ആശുപത്രിയിൽ നിന്ന് മടങ്ങി. ആ ഒരു സമയത്ത് അവരെ സഹായിക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. – ഭജൻ സിംഗ് പറഞ്ഞു.