കോഴിക്കോട്: അമ്മയെ വെട്ടികൊന്ന കേസിൽ മകനെ ജയിലിൽ നിന്ന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. കോഴിക്കോട് പുതുപ്പാടി അടിവാരത്ത് സുബൈദയെ (52) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആഷിക്കിനെയാണ് (25) മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. ജയിലിൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. പ്രതിയെ കസ്റ്റഡിയിൽ കിട്ടാനായി താമരശേരി കോടതിയിൽ പൊലീസ് കസ്റ്റഡി അപേക്ഷ നൽകുമെന്ന് അറിയിച്ചു. നാല് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെടുക.
ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയയ്‌ക്ക് ശേഷം സഹോദരിയുടെ വീട്ടിൽ വിശ്രമത്തിലിരിക്കെയാണ് സുബൈദയെ മകൻ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുന്നത്. അയൽവീട്ടിൽ നിന്ന് തേങ്ങാ പൊളിക്കാനാണെന്ന് പറഞ്ഞ് വെട്ടുകത്തി വാങ്ങി വന്നാണ് സുബൈദയെ വെട്ടി കൊല്ലുന്നത്. കൃത്യത്തിന് ശേഷം ചോരപുരണ്ട വെട്ടുകത്തി വീട്ടുമുറ്റത്തെ ടാപ്പിൽ വച്ച് കഴുകി വൃത്തിയാക്കി.
ഇതിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാർ ചോരയിൽ കുളിച്ച് കിടക്കുന്ന സുബൈദയെയാണ് കണ്ടത്. വീട്ടിൽ ഒളിച്ചിരുന്ന ആഷിഖിനെ നാട്ടുകാർ ചേർന്ന് പിടികൂടി കയ്യും കാലും കെട്ടിയിട്ടാണ് പൊലീസിന് കൈമാറിയത്.
ജന്മം നൽകിയതിനുള്ള ശിക്ഷ നടപ്പാക്കിയെന്നാണ് നാട്ടുകാർ പ്രതിയെ പിടികൂടി പൊലീസിനെ ഏൽപ്പിക്കുന്നതിനിടെ പറഞ്ഞ വാക്കുകൾ. ആഴത്തിലുള്ള 17 മുറിവുരളാണ് സുബൈദയുടെ ശരീരത്തിനേറ്റത്. ഒരേ സ്ഥലത്ത് തന്നെ കൂടുതൽ തവണ വെട്ടിയതിനാൽ എണ്ണം കൃത്യമായി നിർണയിക്കാൻ സാധിച്ചിട്ടില്ലെന്നും വെട്ടുകളുടെ എണ്ണം ഇതിലും കൂടുതലാകാൻ സാധ്യതയുണ്ടെന്നുമാണ് പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ പറഞ്ഞത്.















