അയോദ്ധ്യ: അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ആദ്യ വാർഷികം ഉത്സവമാക്കി പുണ്യനഗരി. കൃത്യം ഒരു വർഷം മുമ്പ്, 2024 ജനുവരി 22 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലും നേതൃത്വത്തിലും രാം ലല്ലയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ നടന്നത്. പ്രാണപ്രതിഷ്ഠാ വാർഷികദിനമായ ഇന്ന് ക്ഷേത്രത്തിൽ വൻഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.
രാജസ്ഥാനിൽ നിന്നും ഹൈദരാബാദിൽ നിന്നുമടക്കമുള്ള ഭക്തർ അയോദ്ധ്യയിൽ ദർശനത്തിനെത്തി. പലരും ഈ വിശിഷ്ട ദിനത്തിൽ രാം ലല്ലയെ ദർശിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ്. ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനുവരി 11ന് രാമക്ഷേത്രത്തിന്റെ ഒന്നാം വാർഷികം ആഘോഷിച്ചിരുന്നു.
ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ സന്യാസിവര്യന്മാരുമായി കൂടിയാലോചിച്ച് ഹൈന്ദവ കലണ്ടർ (പഞ്ചാംഗം ) അനുസരിച്ച് പ്രാണപ്രതിഷ്ഠയുടെ വാർഷിക ആഘോഷം ജനുവരി 11ലെ പൗഷ് ശുക്ല ദ്വാദശിയിൽ നടത്തുകയായിരുന്നു. ഈ തീയതിയെ പ്രതിഷ്ഠാ ദ്വാദശിയെന്ന് നാമകരണം ചെയ്യുകയും ചെയ്തു.
2025 മഹാകുംഭമേളയുടെ തുടക്കം മുതൽ, അതായത് ജനുവരി 13 മുതൽ രാമക്ഷേത്രത്തിൽ ദർശനം നടത്താൻ നിരവധി ഭക്തരാണ് എത്തുന്നത്. ജനുവരി 29-ന് നടക്കുന്ന മൗനി അമാവാസിയുടെ ഷാഹി സ്‌നാനിനു മുന്നോടിയയായി ക്ഷേത്രത്തിലും തിരക്ക് വർദ്ധിക്കുമെന്നാണ് കണക്കുകൂട്ടൽ. ശിവരാത്രിയോടെ മഹാകുംഭമേള സമാപിക്കും.