പ്രിൻസിപ്പലിനെ സ്കൂൾ വിദ്യാർത്ഥി ഭീഷണിപ്പെടുത്തുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചതിൽ പ്രതികരിച്ച് അവതാരകയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത്. സംഭവത്തിൽ വിദ്യാർത്ഥിയെ മാത്രം പഴിചാരരുതെന്നും കുട്ടികൾ വളരുന്ന സാഹചര്യം മനസിലാക്കി, അവരോട് പെരുമാറണമെന്നും അശ്വതി ശ്രീകാന്ത് പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ് താരം ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.
പ്രിൻസിപ്പലിനെ വിദ്യാർത്ഥി ഭീഷണിപ്പെടുത്തുന്ന വീഡിയോ വലിയ തോതിൽ പ്രചരിച്ചതോടെ 16-കാരനെ വിമർശിച്ചും കുറ്റപ്പെടുത്തിയും ധാരാളം ആളുകൾ രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വൈകാരികമായ കുറിപ്പുമായി അശ്വതി ശ്രീകാന്ത് എത്തിയത്.
View this post on Instagram
അർഹിക്കുന്ന ശ്രദ്ധയും സ്നേഹവും സുരക്ഷിതത്വമുള്ള ചുറ്റുപാടുകളും കിട്ടാതെ വരുന്ന കുട്ടികളാണ് സമൂഹത്തിൽ കുറ്റക്കാരാകുന്നതെന്നും രോഗം അറിയാതെ ലക്ഷണം കണ്ട് മാത്രം മരുന്ന് കൊടുക്കുന്നത് പോലെയാണ് രക്ഷിതാക്കളും അദ്ധ്യാപകരും കുട്ടകൾക്ക് അടി കൊടുക്കുന്നതെന്നും അശ്വതി കുറിപ്പിൽ പറയുന്നു.
മോശമായ ബാല്യത്തിലൂടെ കടന്നുപോകുന്നവരാണ് പ്രശ്നക്കാരാകുന്നത്. കുട്ടികളുടെ ഇമോഷൻസ് മനസിലാക്കാൻ രക്ഷിതാക്കൾക്ക് ചിലപ്പോൾ കഴിയാതെ പോകാറുണ്ടെന്നും അശ്വതി കുറിപ്പിലൂടെ പറഞ്ഞു.















