പാലക്കാട്: വിദ്യാർത്ഥിയുടെ ഭീഷണി വീഡിയോ പ്രചരിച്ച സംഭവത്തിൽ പ്രതികരിച്ച് സ്കൂൾ പ്രിൻസിപ്പൽ അനിൽകുമാർ. സ്കൂളിൽ നിന്നുള്ള ആരുമല്ല വീഡിയോ പ്രചരിപ്പിച്ചതെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കി. കുട്ടിയുടെ രക്ഷിതാക്കളെ കാണിക്കാൻ വേണ്ടിയാണ് വീഡിയോ ചിത്രീകരിച്ചത്. അത് വിദ്യാർത്ഥിയുടെ പിതാവിന് അയച്ചുനൽകുകയും ചെയ്തു. പ്രകോപിതനായ പിതാവ് ആ വീഡിയോ കുട്ടിയുടെ അമ്മയ്‌ക്കും അയച്ചുനൽകി. ഇതിന് ശേഷം എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും സ്കൂൾ അധികൃതർ ആരും തന്നെ വീഡിയോ പ്രചരിപ്പിച്ചിട്ടില്ലെന്നും പ്രിൻസിപ്പൽ ഉറപ്പുനൽകി.
അപ്രതീക്ഷിതവും അങ്ങേയറ്റം സങ്കടകരവുമായ സംഭവമാണ് കഴിഞ്ഞ ദിവസം സ്കൂളിലുണ്ടായത്. സ്ഥാപനമേലധികാരി എന്ന നിലയിൽ ഇത് ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്തു. സ്കൂളിന്റെ മേലധികാരികൾക്ക് ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ശേഷം തൃത്താല പൊലീസ് സ്റ്റേഷൻ അധികൃതരെയും വിവരമറിയിച്ചു. സ്കൂളിന്റെ പ്രിൻസിപ്പൽ എന്ന നിലയിൽ ഈ മൂന്ന് കാര്യങ്ങളാണ് ചെയ്തത്. തുടർന്നുള്ള നടപടികൾ പൊലീസും മേലധികാരികളും നിർദേശിക്കുന്നതിനനുസരിച്ച് സ്വീകരിക്കും.
വിദ്യാർത്ഥിയിൽ നിന്ന് അസാധാരണമായ പ്രതികരണമാണുണ്ടായത്. ഇത് രക്ഷിതാക്കളെ അറിയിക്കുന്നതിന് വേണ്ടി, കൂടെയുണ്ടായിരുന്ന അദ്ധ്യാപകനായിരുന്നു വീഡിയോ പകർത്തിയത്. കുട്ടിയുടെ പിതാവിനും തൃത്താല പൊലീസിനും മാത്രമാണ് വീഡിയോ പങ്കുവച്ചത്. ഈ രണ്ട് സ്ഥലത്തേക്കല്ലാതെ വീഡിയോ അയച്ചിട്ടില്ല. – പ്രിൻസിപ്പൽ വ്യക്തമാക്കി.
പാലക്കാട്ടെ സ്കൂൾ അദ്ധ്യാപകന് നേരെ വിദ്യാർത്ഥി നടത്തിയ കൊലവിളിയുടെ ദൃശ്യങ്ങൾ പ്രചരിച്ചതാണ് വിവാദത്തിന് കാരണം. പെരുമാറ്റം തെറ്റിപ്പോയെന്ന് കുട്ടി മനസിലാക്കുകയും അദ്ധ്യാപകരോട് മാപ്പ് പറയുകയും ചെയ്തതായി സ്കൂൾ അധികൃതർ അറിയിച്ചിരുന്നു. കുട്ടിയെ സസ്പെൻഡ് ചെയ്തെന്ന വാർത്ത തെറ്റാണെന്നും പ്രിൻസിപ്പൽ അറിയിച്ചു. മാനസാന്തരം വന്ന വിദ്യാർത്ഥിക്ക് കൗൺസിലിംഗ് നൽകിയ ശേഷം സ്കൂളിലേക്ക് തിരിച്ചുകൊണ്ടുവരുമെന്നും അവർ പറഞ്ഞു.















