കൊച്ചി: കുസാറ്റ് ക്യാമ്പസിന്റെ വഴിയിൽ നിർത്തിയിട്ടിരുന്ന ആഡംബര കാർ കത്തിനശിച്ചു. ബോണറ്റിൽ നിന്നും പുക ഉയരുന്നത് കണ്ട് ഡ്രൈവർ കാർ നിർത്തിയിട്ട ശേഷം പുറത്തിറങ്ങി പരിശോധിക്കുന്നതിനിടെയാണ് സംഭവം. ബോണറ്റ് തുറന്നു പരിശോധിക്കാൻ ശ്രമിച്ചപ്പോഴേക്കും തീ ആളിപ്പടരുകയായിരുന്നു.
ഉച്ചയ്‌ക്ക് 2:30 ഓടെയാണ് സംഭവം. കുസാറ്റ് ക്യാമ്പസിനകത്തുള്ളവഴിയിലാണ് കാർ നിർത്തിയിട്ടിരുന്നത്. ക്യാമ്പസിനുള്ളിലെ സെക്യൂരിറ്റി ജീവനക്കാർ ഫയർ എക്സ്റ്റിഗ്യൂഷർ സഹിതം കൊണ്ടുവന്നെങ്കിലും തീയണയ്‌ക്കാനായില്ല. തുടർന്ന് ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.
തൃക്കാക്കര ഫയർഫോഴ്‌സെത്തി തീയണച്ചു. കാർ പൂർണമായും കത്തിനശിച്ചു. ഡ്രൈവർ പുറത്തിറങ്ങിയിരുന്നതിനാൽ ആളപായമില്ല. പാലക്കാട് സ്വദേശി സാദിഖാണ് കാറിന്റെ ഉടമസ്ഥൻ. ഇയാളുടെ സുഹൃത്താണ് വാഹനമോടിച്ചിരുന്നത്. കാർ തീപിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല.