തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ വീണ്ടും മർദ്ദനം. എസ്എഫ്ഐ പ്രവർത്തകർ ചേർന്ന് ഒന്നാം വർഷ വിദ്യാർത്ഥിയെ മർദ്ദിച്ചെന്നാണ് ആരോപണം. മർദ്ദനമേറ്റ അബ്ദുള്ളയെന്ന വിദ്യാർത്ഥി തിരുവനന്തപുരം കന്റോൺമെന്റ് പൊലീസിൽ പരാതി നൽകി.
ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ മർദ്ദിച്ച കേസിൽ പ്രതിയായ മിഥുന്റെ നേതൃത്വത്തിലുള്ള എസ്എഫ്ഐ പ്രവർത്തകരാണ് ഈ മർദ്ദനത്തിനും പിന്നിലുള്ളതെന്നാണ് ആരോപണം. മർദ്ദനമേറ്റ ഭിന്നശേഷിക്കാരന്റെ സുഹൃത്താണ് ഇപ്പോൾ മർദ്ദനമേറ്റ വിദ്യാർത്ഥി.
കോളേജ് യൂണിയൻ ചെയർപേഴ്സണിന്റെ നേതൃത്വത്തിലുള്ള വിദ്യാർത്ഥികളെത്തി രക്തദാനം ചെയ്യാൻ നിർദേശിച്ചു. എന്നാൽ രണ്ട് മാസം മുൻപ് രക്തം നൽകിയതിനാൽ ഇപ്പോൾ ദാനം ചെയ്യാൻ സാധിക്കില്ലെന്ന് അബ്ദുള്ള അറിയിച്ചു. എന്നാൽ അബ്ദുള്ള മോശമായാണ് സംസാരിച്ചതെന്ന് ചൂണ്ടിക്കാട്ടി ചെയർപേഴ്സണിന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കയറി. ശേഷം മിഥുൻ ഹെൽമെറ്റ് കൊണ്ട് മർദ്ദിച്ചെന്നാണ് അബ്ദുള്ളയുടെ പരാതി.
ഭിന്നശേഷിക്കാരനെ മർദ്ദിച്ച കേസിൽ നിലവിൽ ജാമ്യത്തിലാണ് മിഥുൻ. ഇതിനിടയിലാണ് മിഥുന് നേരെ പുതിയ ആരോപണം ഉയർന്നിരിക്കുന്നത്. പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ അവിടെ ചെയർപേഴ്സണും സംഘവും ഉണ്ടായിരുന്നുവെന്ന് അബ്ദുള്ള പറയുന്നു. അബ്ദുള്ള മോശമായി സംസാരിച്ചുവെന്ന് ചൂണ്ടിക്കാട്ടി അബ്ദുള്ളയ്‌ക്കെതിരെ പേരിൽ പരാതി നൽകിയിരിക്കുകയാണ് ചെയർപേഴ്സൺ. രണ്ടുപേരുടെയും പരാതി പ്രകാരം മൊഴി രേഖപ്പെടുത്തി കേസെടുത്തിരിക്കുകയാണ് കന്റോൺമെന്റ് പൊലീസ്.















