പ്രയാഗ് രാജ്; ഭിന്നശേഷിക്കാരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ വേണ്ടി പ്രവർത്തിക്കുന്ന സംഘപരിവാർ സംഘടനയായ സക്ഷമയുടെ നേതൃത്വത്തിൽ മഹാകുംഭമേള നടക്കുന്ന പ്രയാഗ് രാജിൽ ഒരുക്കിയ നേത്ര പരിശോധനാ ക്യാമ്പ് ശ്രദ്ധേയമാകുന്നു. കുംഭമേള അവസാനിക്കുന്നതിനിപ്പുറം അഞ്ച് ലക്ഷം പേർക്കെങ്കിലും നേത്ര പരിശോധന നടത്തി കണ്ണട ഉൾപ്പെടെ വിതരണം ചെയ്യാനാകുമെന്നാണ് സക്ഷമയുടെ വിലയിരുത്തൽ. നേത്ര കുംഭ് എന്ന ക്യാമ്പിൽ പരിശോധനയും കണ്ണടയും ഉൾപ്പെടെ സൗജന്യമാണ്.
തിമിര ശസ്ത്രക്രിയ ആവശ്യമുള്ള രോഗികൾക്ക് രാജ്യത്തെ വിവിധ ആശുപത്രികളിൽ സൗജന്യമായി അതിനുള്ള അവസരം ഒരുക്കും. സക്ഷമയുമായി സഹകരിക്കുന്ന ആശുപത്രികൾ തിരഞ്ഞെടുത്ത് സൗജന്യമായി ശസ്ത്രക്രിയ ചെയ്യാനുള്ള സൗകര്യമാണ് ചെയ്തു നൽകുക. മരുന്നുകളും സൗജന്യമാണ്. ഭിന്നശേഷിക്കാരുടെ ജീവിത സാഹചര്യങ്ങളിൽ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരാനാവും വിധം പഠന ഗവേഷണ പ്രവർത്തനങ്ങൾക്ക് രാജ്യവ്യാപകമായി നേതൃത്വം നൽകുന്ന സംഘ പരിവാർ സംഘടനയാണ് സക്ഷമ. 10 ഏക്കറിൽ പരന്ന് കിടക്കുന്ന ക്യാമ്പിൽ നേത്ര പരിശോധന നടത്തി കണ്ണട ആവശ്യമുള്ളവർക്ക് മിനിറ്റുകൾക്കുള്ളിൽ തന്നെ സൗജന്യമായി നൽകും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള നേത്ര രോഗ വിദഗ്ധരും പാരാ മെഡിക്കൽ ജീവനക്കാരും നേത്ര കുംഭിൽ തീർഥാടകർക്ക് സേവനം നൽകുന്നുണ്ട്. വിവിധ കണ്ണാശുപത്രികളുമായി സഹകരിച്ചാണ് മഹാ കുംഭ നഗരിയിൽ സക്ഷമ നേത്രരോഗ നിർണ്ണയ ക്യാമ്പ് സജ്ജമാക്കിയിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ നേത്ര ക്യാമ്പുകളിൽ ഒന്നാണ് നേത്രകുംഭ് എന്ന് ക്യാമ്പിന്റെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. പ്രവീൺകുമാർ റെഡ്ഡി പറഞ്ഞു. അഞ്ച് ലക്ഷത്തോളം തീർത്ഥാടകരെ പരിശോധനയ്‌ക്ക് വിധേയമാക്കാൻ കഴിയുമെന്നാണ് കരുതുന്നത്. ആവശ്യമനുസരിച്ച് മൂന്ന് ലക്ഷത്തോളം പേർക്ക് കണ്ണടകൾ നൽകാൻ ക്യാമ്പ് സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
2019 ലെ കുംഭമേളയിൽ രണ്ട് ലക്ഷത്തോളം തീർത്ഥാടകർക്ക് നേത്ര പരിശോധന നടത്തിയിരുന്നു. 1.6 ലക്ഷം കണ്ണടകളും വിതരണം ചെയ്തു. അവിടെ നിന്നാണ് ഈ മഹൗസേവനത്തിന് തുടക്കമായത്. ക്യാമ്പിലെ രജിസ്‌ട്രേഷൻ മുതൽ മരുന്നു കുറിച്ച് നൽകുന്നതിനും കണ്ണട വിതരണത്തിനും അടക്കം കമ്പ്യൂട്ടർ സേവനം ഏർപ്പെടുത്തിയിട്ടുണ്ട്. സദാ സമയവും സജ്ജരായ വിദഗ്ധരും വോളന്റിയേഴ്‌സും.
ഒപ്‌ട്രോമെട്രി ടെക്‌നിഷ്യൻ കണ്ണ് പരിശോധിച്ച് കമ്പ്യൂട്ടറിൽ രേഖപ്പെടുത്തിയാൽ ലാബിൽ ആവശ്യമായ കണ്ണട നിർമ്മാണം ആരംഭിക്കും. ആധുനിക സാങ്കേതികവിദ്യയുടെ സഹായം ഉറപ്പിച്ചിട്ടുള്ളതിനാൽ സമയനഷ്ടം ഇല്ല. മിനിറ്റുകൾക്കുള്ളിൽ കണ്ണടകൾ ആവശ്യക്കാരുടെ കൈകളിലെത്തുമെന്ന് ട്രാൻസി വിഷൻ കെയർ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ സുരേഷ് വ്യക്തമാക്കി.
ഇതുവരെ നേത്രപരിശോധന നടത്താതിരുന്നവരോ അതിന് സാഹചര്യം ലഭിക്കാത്തവരോ ആണ് ക്യാമ്പിൽ എത്തുന്നതിൽ അധികവും. ദിവസവും ആറായിരത്തിൽ അധികം കണ്ണടകൾ സൗജന്യമായി നൽകുന്നുണ്ട്. സ്വകാര്യ കമ്പിനിയുമായി സഹകരിച്ച് കണ്ണട നിർമ്മാണ ലാബ് തന്നെ ക്യാമ്പിൽ പ്രവർത്തിക്കുന്നുണ്ട്. നേത്രകുംഭിലെത്തുന്ന ഭക്തർക്ക് നേത്ര ദാനത്തിന് സമ്മതപത്രവും നൽകാം.
കഴിഞ്ഞ കുംഭമേളയിൽ നടന്ന നേത്രകുംഭ് ലിംകാ ബുക്ക് ഓഫ് വേൾഡ് റെക്കോഡിൽ ഇടം പിടിച്ചിരുന്നു. 2025 മഹാ കുംഭമേള അവസാനിക്കുന്നതോടെ നേത്രകുംഭ് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിലും ഉൾപ്പെടും.