മുംബൈ: കർണാടക എക്സ്പ്രസ് ഇടിച്ച് ആറ് പേർക്ക് ദാരുണാന്ത്യം. മഹാരാഷ്‌ട്രയിലെ ജൽഗാവിലാണ് സംഭവം നടന്നത്. നിരവധി പേർക്ക് പരിക്കേറ്റതായി വിവരമുണ്ട്. ട്രാക്കിൽ നിന്ന ജനങ്ങൾക്കിടയിലൂടെ ട്രെയിൻ പാഞ്ഞുപോവുകയായിരുന്നു. പുഷ്പക് എക്സ്പ്രസിൽ യാത്ര ചെയ്തിരുന്നവർ പുറത്തിറങ്ങി ട്രാക്കിൽ നിന്നപ്പോഴാണ് സംഭവം.
പുഷ്പക് എക്സ്പ്രസിന് തീപിടിച്ചുവെന്ന അഭ്യൂഹം ഉയർന്നതിനെ തുടർന്ന് ഭയചകിതരായ യാത്രക്കാർ ചങ്ങല വലിച്ച് ട്രെയിൻ നിർത്തുകയും പുറത്തേക്ക് ഇറങ്ങി ട്രാക്കിൽ നിൽക്കുകയുമായിരുന്നു. ഇതേസമയം ഇവർ നിന്ന ട്രാക്കിലൂടെ പാഞ്ഞുവന്ന കർണാടക എക്സ്പ്രസ് യാത്രക്കാരുടെ ദേഹത്ത് കയറിയിറങ്ങി.
പുഷ്പക് എക്സ്പ്രസിൽ അഗ്നിബാധയുണ്ടായെന്ന അഭ്യൂഹം ശരിയായിരുന്നോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇക്കാര്യം അന്വേഷിച്ച് വരികയാണെന്ന് ജൽഗാവ് ജില്ലാ കളക്ടർ അറിയിച്ചു. പരിക്കേറ്റവർ ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു. അപകടം എങ്ങനെ സംഭവിച്ചുവെന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.















