വയനാട് : പനമരത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് അംഗത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ചു. ഗുരുതര പരിക്കേറ്റ ജനതാദള്‍ മെമ്പറായ ബെന്നി ചെറിയാൻ ചികിത്സയിലാണ്. എല്‍ഡിഎഫ് പഞ്ചായത്ത് പ്രസിഡന്റിനെതിരായ അവിശ്വാസപ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തതാണ് ആക്രമണമുണ്ടാകാന്‍ കാരണം.
ഇരുമ്പ് വടി കൊണ്ട് അടിക്കുകയായിരുന്നുവെന്ന് ബെന്നി പറഞ്ഞു. ബുധനാഴ്ച രാത്രി എട്ടോടെ ഫോൺ ചെയ്യുന്നതിനിടെ പനമരം ടൗണിൽ വെച്ച് യാതൊരു പ്രകോപനവുമില്ലാതെ ആയുധങ്ങളുമായി എത്തിയ സംഘം ആക്രമിച്ചെന്നാണ് പരാതി. ഇരുമ്പ് വടി കൊണ്ട് അടിക്കുകയായിരുന്നു. തലക്ക് അടിച്ചത് തടഞ്ഞതോടെ കൈക്ക് ഗുരുതരമായി പരിക്കേറ്റു.
ബെന്നി എതിര്‍ത്ത് വോട്ട് ചെയ്തതോടെ പനമരം പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടപ്പെട്ടു. ഈ മാസം 29ന് പഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആക്രമണം. വധഭീഷണിയുണ്ടെന്ന് ബെന്നി കഴിഞ്ഞ ദിവസം എസ്പിക്ക് പരാതി നല്‍കിയിരുന്നു.















