ന്യൂഡൽഹി: 76-ാമത് റിപ്പബ്ലിക് ദിനത്തിന് മൂന്ന് ദിവസങ്ങൾ മാത്രം ശേഷിക്കെ പരേഡിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയാക്കി നാവിക സംഘം. ലെഫ്റ്റനൻ്റ് കമാൻഡർ സാഹിൽ അലുവാലിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഡൽഹിയിലെ കർത്തവ്യപഥിൽ നടക്കുന്ന പരേഡിൽ പങ്കെടുക്കുന്നത്. 17 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള ഓഫീസർമാരും നാവികരും ഉൾപ്പെടെ 144 പേരടങ്ങുന്ന ഒരു ‘മിനി ഇന്ത്യ’യാണ് നാവികസേനയുടെ മാർച്ചിംഗ് സംഘം.
ശരാശരി 25 വയസ് മാത്രം പ്രായമുള്ള യുവ നാവികാരാണ് സംഘത്തിലുള്ളത്. രാജ്യത്തിന്റെ പ്രൗഢി വിളിച്ചോതുന്ന മഹത്തായ പരേഡിനായി ഇവർ രണ്ട് മാസത്തെ കഠിന പരിശീലനം പൂർത്തിയാക്കി. കൂടാതെ ഇത്തവണ ചരിത്രപരമായ മറ്റൊരു നേട്ടം കൂടി നാവികസേന സ്വന്തമാക്കും. പരേഡിനുള്ള നാവികസേനയുടെ ബാൻഡിൽ ആറ് അഗ്നിവീർ വനിതാ നാവികരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരുൾപ്പടെ 80 പേരടങ്ങുന്നതാണ് ബാൻഡ് സംഘം.
ഇന്ത്യയുടെ നാവിക ശക്തിയുടെയും രാജ്യത്തിന്റെ പുരോഗതിയിലും സമൃദ്ധിയിലും അതിന്റെ നിർണായക പങ്കിനേയും പ്രതിനിധീകരിക്കുന്നതാണ് ഈ വർഷത്തെ നാവികസേനയുടെ ടാബ്ലോ. ഇത് യുദ്ധക്കപ്പലുകൾ, ഫ്രിഗേറ്റുകൾ, അന്തർവാഹിനി നിർമ്മാണം എന്നിവയിലെ തദ്ദേശീയ നേട്ടങ്ങൾ ഉയർത്തിക്കാട്ടും. കൂടാതെ ഐഎൻഎസ് സൂറത്ത്, ഐഎൻഎസ് നീലഗിരി, ഐഎൻഎസ് വാഗ്ഷീർ എന്നിവയും ടാബ്ലോയിൽ പ്രദർശിപ്പിക്കും.















