വാഷിംഗ്ടൺ: അമേരിക്കയെ ആശങ്കയിലാക്കി ലോസ്ഏഞ്ചൽസിൽ വീണ്ടും കാട്ടുതീ. രണ്ട് മണിക്കൂർ കൊണ്ട് 5,000 ഏക്കർ സ്ഥലമാണ് കത്തിനശിച്ചത്. പ്രദേശത്ത് താമസിക്കുന്ന 30,000 ആളുകളോട് സ്ഥലത്ത് നിന്ന് മാറാൻ ഉത്തരവിട്ടിട്ടുണ്ട്. കാട്ടുതീയിൽ നിന്ന് ലോസ്ഏഞ്ചൽസ് ഒരു വിധത്തിൽ കരകേറുന്നതിനിടെയാണ് രണ്ടിടങ്ങളിലായി വീണ്ടും കാട്ടുതീയുണ്ടായത്.
രണ്ടിടങ്ങളിലായി ഉണ്ടായ കാട്ടുതീ മണിക്കൂറുകൾക്കകം ഒരു പ്രദേശമാകെ പടർന്ന് പിടിക്കുകയായിരുന്നു. വരണ്ട കാറ്റ് രക്ഷാപ്രവർത്തനത്തിന് ഇപ്പോഴും വെല്ലുവിളിയായി തുടരുകയാണ്. തീ പടരുന്ന പ്രദേശത്ത് കുടുങ്ങിക്കിടക്കുന്ന 19,000 ആളുകളെ ഒഴിപ്പിക്കാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. നേരത്തെയുണ്ടായ അവസ്ഥയേക്കാൾ അതിഭയാനകമായ അന്തരീക്ഷമാണ് ലോസ്ഏഞ്ചൽസിൽ നിലവിലുള്ളത്.
ലോസ്ഏഞ്ചൽസിൽ ഏഴ് സ്ഥലങ്ങളിലാണ് കാട്ടുതീ പടരുന്നത്. കൂടുതൽ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് തീയണക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കൂടാതെ ആയിരക്കണക്കിന് ഗാലൻ വെള്ളം വഹിക്കാൻ കഴിയുന്ന രണ്ട് സൂപ്പർ സ്കൂപ്പർ വിമാനങ്ങളും രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്നു.
ലോസ്‌ഏഞ്ചൽസിലെ ജയിലുകളിൽ കഴിയുന്ന 4,600- ലധികം തടവുകാരെ വിവിധയിടങ്ങളിലേക്ക് മാറ്റിപാർപ്പിക്കും. തീ നിയന്ത്രണവിധേയമാകാൻ പ്രയാസമാണെന്നും എന്നാലും കൂടുതൽ സേനാംഗങ്ങളെ ഉപയോഗിച്ച് തീ കെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അഗ്നിശമന സേനയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
സ്ഥിതിഗതികൾ വിലയിരുത്താൻ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വരുന്ന ദിവസം ലോസ്ഏഞ്ചൽസിൽ എത്തും.















