വിക്കി കൗശൽ നായകനായ ചിത്രം ഛാവയുടെ ട്രെയിലർ പുറത്തിറങ്ങി. ഛത്രപതി സംഭാജി മഹാരാജാവായി പ്രേക്ഷകർക്ക് മുന്നിലെത്തുന്ന വിക്കി കൗശലിന്റെ അത്യഗ്രൻ പ്രകടനമാണ് ട്രെയിലറിലുള്ളത്. ഗംഭീര ദൃശ്യവിരന്ന് നൽകുന്ന ട്രെയിലർ സോഷ്യൽമീഡിയയിൽ ശ്രദ്ധേയമാവുകയാണ്.
ലക്ഷ്മൺ ഉടേക്കൻ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 14-നാണ് റിലീസ് ചെയ്യുന്നത്. രശ്മിക മന്ദാനയാണ് നായികയായി എത്തുന്നത്. പഴയകാലത്തെ ആയോധനകലയും ശത്രുക്കളോടൊപ്പം പോരാടുന്നതിന്റെയും രംഗങ്ങളും ട്രെയിലറിലുണ്ട്. ഇതിഹാസ യോദ്ധാവ് ഛത്രപതി സംഭാജി മഹാരാജിന്റെ ജീവിതവും പോരാട്ടങ്ങളും പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ഏവരും കാത്തിരിക്കുന്നത്.
അതേസമയം, ബോളിവുഡിന്റെ ഭാവി മാറ്റികുറിക്കുന്ന ചിത്രമായിരിക്കും ഛാവ എന്നാണ് പ്രേക്ഷകർ പറയുന്നത്. 2024-ലെ ഏറ്റവും വലിയ ഹിറ്റായ ചിത്രം സ്ത്രീ 2 നിർമാതാവ് ദിനേശ് വിജയനാണ് ഛാവ നിർമിക്കുന്നത്. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകളും ഏറെ ശ്രദ്ധനേടിയിരുന്നു.
മറാത്ത സാമ്രാജ്യത്തിന്റെ രണ്ടാമത്തെ ഭരണാധികാരി ഛത്രപതി ശിവാജിയുടെ മരണശേഷം പിൻഗാമിയായ സംഭാജി ഒമ്പത് വർഷക്കാലം ഭരിച്ചിരുന്നു. ഛത്രപതി സംഭാജി മഹാരാജിന്റെ പത്‌നി യേശുഭായ് ഭോൻസാലെയുടെ വേഷമാണ് രശ്മിക അവതരിപ്പിക്കുന്നത്. രൺബീർ കപൂർ നായകനായ അനിമലിന് ശേഷം രശ്മിക മന്ദാന നായികയായി എത്തുന്ന ബോളിവുഡ് സിനിമയാണിത്.















