ന്യൂഡൽഹി: അനധികൃതമായി അമേരിക്കയിൽ കുടിയേറിയവരെ തിരിച്ചയക്കുന്നതിൽ എതിർപ്പില്ലെന്നറിയിച്ച് ഇന്ത്യ. യുഎസിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചയക്കുന്നവരുടെ രേഖകൾ പരിശോധിക്കുന്ന പ്രക്രിയകൾ സർക്കാർ ഇപ്പോഴും തുടരുകയാണെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. അതേസമയം വിസയ്‌ക്ക് 400 ദിവസം വരെ കാത്തിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും നടപടികൾ വേഗത്തിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായുള്ള ഉഭയകക്ഷി ചർച്ചയ്‌ക്ക് ശേഷമായിരുന്നു ജയശങ്കറിന്റെ പ്രതിയകരണം.”ഒരു സർക്കാർ എന്നനിലയിൽ ഞങ്ങൾ നിയമാനുസൃതമായേ തിരിച്ചുവരവിനെ ഞങ്ങൾ പിന്തുണക്കുന്നു ഇന്ത്യൻ പ്രതിഭകൾക്കും കഴിവുകൾക്കും ആഗോള തലത്തിൽ പരമാവധി അവസരം ലഭിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അതേസമയം നിയമവിരുദ്ധമായ സഞ്ചാരത്തിനും അനധികൃത കുടിയേറ്റത്തിനും എതിരായ നിലപാടിൽ ഉറച്ചുനിൽക്കുന്നു,” ജയശങ്കർ പറഞ്ഞു.
കുടിയേറ്റത്തിനെതിരെ ട്രംപ് സർക്കാർ നയങ്ങൾ കടുപ്പിച്ചതോടെയാണ് അനധികൃത താമസക്കാരെ തിരികെ അയക്കുന്നത്. വിസ കാലാവധിയില്ലാതെയോ മതിയായ രേഖകളില്ലാതെയോ യുഎസിൽ കഴിയുന്ന 1,80,000 ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ രാജ്യം യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കുന്നതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇവരിൽ ഭൂരിഭാഗവും പഞ്ചാബിൽ നിന്നും ഗുജറാത്തിൽ നിന്നുമുള്ളവരാണ്.















