ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ബാലാസാഹേബ് താക്കറെയ്‌ക്ക് ആദരാഞ്ജലി അർപ്പിച്ചു. പൊതുജനക്ഷേമത്തിനും മഹാരാഷ്‌ട്രയുടെ വികസനത്തിനുമുള്ള പ്രതിബദ്ധതയ്‌ക്ക് ബാലാസാഹേബ് താക്കറെയെ വ്യാപകമായി ബഹുമാനിക്കുകയും ഓർമ്മിക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. “ബാലാസാഹേബ് താക്കറെജിയുടെ ജന്മദിനത്തിൽ ഞാൻ ആദരാഞ്ജലി അർപ്പിക്കുന്നു. പൊതുജനക്ഷേമത്തിനും മഹാരാഷ്‌ട്രയുടെ വികസനത്തിനും ഏറെ പ്രതിബദ്ധതയുണ്ടായിരുന്ന അദ്ദേഹം അതിനാൽ തന്നെ പരക്കെ ബഹുമാനിക്കപ്പെടുകയും ഓർമ്മിക്കപ്പെടുകയും ചെയ്യുന്നു. തന്റെ അടിസ്ഥാന വിശ്വാസങ്ങളുടെ കാര്യത്തിൽ അദ്ദേഹം വിട്ടുവീഴ്ചയില്ലാത്തവനായിരുന്നു, ഇന്ത്യൻ സംസ്കാരത്തിന്റെ അഭിമാനം വർദ്ധിപ്പിക്കുന്നതിന് എല്ലായ്‌പ്പോഴും സംഭാവന നൽകി,”- പ്രധാനമന്ത്രി മോദി എക്സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
ബാലാസാഹേബ് താക്കറെയെ പ്രധാനമന്ത്രിക്ക് പുറമെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ആദരാഞ്ജലി അർപ്പിച്ചു. സനാതന സംസ്കാരത്തിന്റെയും ദേശീയതയുടെയും ആദർശങ്ങളോടുള്ള അദ്ദേഹത്തിന്റെ ആജീവനാന്ത സമർപ്പണം എടുത്തുകാണിച്ച അമിത് ഷാ ബാലാസാഹേബിന്റെ തത്വങ്ങളും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രപരമായ ദൃഢതയും നമ്മെ എന്നെന്നേക്കുമായി പ്രചോദിപ്പിക്കുമെന്ന്പറഞ്ഞു. ശക്തനായ ദേശീയവാദിയായ ബാലാസാഹേബ് താക്കറെയുടെ ജന്മവാർഷികത്തിൽ അദ്ദേഹത്തെ ആദരവോടെ വണങ്ങുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയും ശിവസേന മേധാവിയുമായ ഏക്‌നാഥ് ഷിൻഡെയും ബാലാസാഹേബ് താക്കറെയ്‌ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.















