കൊൽക്കത്ത: അന്തരിച്ച മലയാളി സൈനികൻ കേണൽ എൻ ജെ നായർക്കും വനിതാ ക്രിക്കറ്റ് താരം ജുലൻ ഗോസ്വാമിക്കും ആദരമർപ്പിച്ച് ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ (CAB). വിഖ്യാതമായ ഈഡൻ ഗാർഡൻസ് മൈതാനത്തെ സ്റ്റാൻഡുകൾക്ക് ഇരുവരുടെയും പേരുകൾ നൽകിയാണ് ആദരവർപ്പിച്ചത്. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടി20 മത്സരത്തിനുമുൻപായിരുന്നു സ്റ്റാൻഡുകൾ അനാശ്ചാദനം ചെയ്തത്.
കേണൽ എൻ ജെ നായരെയും ജുലൻ ഗോസ്വാമിയെയും ആദരിക്കുന്നത് അഭിമാന നിമിഷമാണെന്ന് അസോസിഷൻ പ്രസിഡന്റ് സ്നേഹാശിഷ് ഗാംഗുലി പറഞ്ഞു. ചടങ്ങിൽ ജുലൻ ഗോസ്വാമി, CAB ഓണററി സെക്രട്ടറി നരേഷ് ഓജ. CAB വൈസ് പ്രസിഡന്റ് അമലേന്ദു ബിശ്വാസ്, ലെഫ്റ്റനന്റ് ജനറൽ ആർ സി ശ്രീകാന്ത് ഈസ്റ്റേൺ ആർമി കമാൻഡിന്റെ ചീഫ് ബ്രിഗേഡിയർ അജയ് കുമാർ ദാസ് എന്നിവർ പങ്കെടുത്തു.
‘എൻജെ’ എന്നറിയപ്പെടുന്ന കേണൽ എൻജെ നായർ ഇന്ത്യൻ ആർമിയിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു. ധീരതയ്‌ക്കുള്ള ഏറ്റവും ഉയർന്നതും രണ്ടാമത്തെയും പുരസ്‌കാരങ്ങൾ ലഭിച്ച ഒരേയൊരു സൈനികനായിരുന്നു അദ്ദേഹം.
വനിതാ ക്രിക്കറ്റിലെ ഏകദിനമത്സരങ്ങളിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമെന്ന റെക്കോർഡ് ജുലൻ ഗോസ്വാമിയുട പേരിലാണ്. 12 ടെസ്റ്റുകളും 204 ഏകദിനങ്ങളും 68 ടി20 കാലും കളിച്ച താരം മൂന്ന് ഫോർമാറ്റുകളിലുമായി 355 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 2022 ലാണ് തന്റെ 20 വർഷം നീണ്ട അന്തരാഷ്‌ട്ര കരിയറിൽ നിന്നും ജുലൻ വിരമിച്ചത്.















