പ്രായത്തിന്റെ പേരിൽ പലരും തന്നെ ഒറ്റപ്പെടുത്തിയിട്ടുണ്ടെന്ന് ബോളിവുഡ് നടി മനീഷ കൊയ്‌രാള. സിനിമാ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാ നടിമാരും നേരിടുന്ന പ്രധാന പ്രശ്നമാണ് പ്രായത്തിന്റെ പേരിലുള്ള മാറ്റിനിർത്തലെന്നും ഇത് വലിയ നാണക്കേടാണെന്നും മനീഷ കൊയ്‌രാള പറഞ്ഞു. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താൻ നേരിട്ട അനുഭവം പങ്കുവച്ചുകൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം.
“സിനിമാ മേഖലയിലായാലും ഏത് മേഖലയിലായാലും ജോലി ചെയ്യുന്ന സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമാണ് പ്രായത്തിന്റെ പേരിലുള്ള മാറ്റിനിർത്തലുകൾ. പ്രായം കൂടിപ്പോയെന്ന് പറഞ്ഞ് സ്ത്രീകളെ ട്രോളാൻ എല്ലാവർക്കും താത്പര്യമാണ്. എന്നാൽ, പ്രായം കൂടിയെന്ന് പറഞ്ഞ് പുരുഷന്മാരെ ആരും കളിയാക്കുകയോ മാറ്റിനിർത്തുകയോ ചെയ്യുന്നത് കണ്ടിട്ടില്ല.
ഒരു ദിവസം പ്രായത്തിന്റെ പേരിൽ ഒരു മീറ്റിംഗിൽ നിന്ന് എന്നെ ഒഴിവാക്കിയിട്ടുണ്ട്. ‘ഒരു നിശ്ചിത വയസുള്ള ആളുകൾ മാത്രം പങ്കെടുക്കേണ്ട മീറ്റിംഗാണിത്’ എന്നാണ് അവർ എന്നോട് പറഞ്ഞത്. എന്നാൽ എന്റെ പ്രായമുള്ള പുരുഷന്മാർ ആയിരുന്നെങ്കിൽ അവർ ഇതുപോലെ മാറ്റിനിർത്തുമോ”.
50 വയസ് കഴിഞ്ഞാൽ എന്താണ് കുഴപ്പം. 50 വയസിന് ശേഷവും സന്തോഷത്തോടെ ഇരിക്കാൻ സ്ത്രീകൾക്ക് സാധിക്കും. നമുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാനാവും. ജീവിച്ചിരിക്കുന്നിടത്തോളം കാലം സന്തോഷമായിരിക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. സ്ത്രീകൾക്ക് അമ്മ, ഭാര്യ, സഹോദരി എന്നീ റോളുകൾ മാത്രമേയുള്ളൂ എന്നാണ് എല്ലാവരും ഇപ്പോഴും ചിന്തിക്കുന്നത്. ഏത് വേഷവും ചെയ്യാൻ സ്ത്രീകൾക്ക് കഴിയും. ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ കരിയറിൽ കൂടുതൽ വളരാൻ സ്ത്രീകൾക്ക് പ്രായമൊരു പ്രശ്നമല്ല. അതൊരു നമ്പർ മാത്രമാണ്. ആർക്കും അത് തടയാനാകില്ലെന്നും മനീഷ കൊയ്‌രാള പറഞ്ഞു.















