ന്യൂഡൽഹി: ഊബറിനും ഒലയ്ക്കും നോട്ടീസയച്ച് ഉപഭോക്തൃകാര്യ മന്ത്രാലയം. ഓരോ സ്മാർട്ട്ഫോണുകളിലും വ്യത്യസ്ത നിരക്കുകൾ കാണിക്കുന്നുവെന്ന പരാതിയെ തുടർന്നാണ് ഊബറിനോടും ഒലയോടും കേന്ദ്രസർക്കാർ വിശദീകരണം തേടിയത്.
ഓട്ടോ, ടാക്സി സർവീസുകൾ നടത്തുന്ന ഇന്ത്യയിലെ പ്രമുഖ കാബ് കമ്പനികളായ ഊബറും ഒലയും ഒരേ സർവീസിന് വ്യത്യസ്ത ഫോണുകളിൽ വെവ്വേറെ നിരക്കുകൾ ചുമത്തുന്നുവെന്നായിരുന്നു പരാതി. ഐഫോണിൽ പ്രദർശിപ്പിക്കുന്ന നിരക്കല്ല ആൻഡ്രോയ്ഡ് ഫോണുകളിൽ കാണിക്കുന്നത് എന്നതായിരുന്നു പ്രശ്നം. ഉപഭോക്താക്കളുടെ ഫോണിന്റെ നിലവാരം മാറുന്നതിന് അനുസരിച്ച് കാബ് സർവീസിന്റെ നിരക്കിൽ വ്യത്യാസം വരുന്നുവെന്ന ആരോപണം ശക്തമായതോടെ കാബ് കമ്പനികൾക്ക് നേരെ നടപടിയെടുക്കുകയായിരുന്നു കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CCPA). എങ്ങനെയാണ് നിരക്ക് നിശ്ചയിക്കുന്നതെന്നും പക്ഷപാതമുണ്ടെന്ന പരാതികളെ എങ്ങനെ വിശദീകരിക്കുന്നുവെന്നും CCPA ചോദിച്ചു.
അടുത്തിടെ ഡൽഹിയിൽ നിന്നുള്ള സംരംഭകൻ പങ്കുവച്ച എക്സ് കുറിപ്പാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഒരേ ലൊക്കേഷനിലേക്ക് രണ്ടു ഫോണുകളിൽ രണ്ട് നിരക്കുകൾ കാണിക്കുകയായിരുന്നു. ഇതിന്റെ സ്ക്രീൻഷോട്ട് അടക്കം യുവാവ് പങ്കുവച്ചു. എന്നാൽ അത്തരം പക്ഷപാതപരമായ നിലപാട് തങ്ങൾ സ്വീകരിച്ചിട്ടില്ലെന്നാണ് ഊബർ അവകാശപ്പെടുന്നത്. പിക്ക്-അപ് പോയിന്റ്, ഇടിഎ ഡ്രോപ് ഓഫ് പോയിന്റ് എന്നിവയെ അടിസ്ഥാനമാക്കിയാണ് യാത്രാനിരക്ക് നിശ്ചയിക്കുകയെന്നും ഊബർ വ്യക്തമാക്കി.















