തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം രൂക്ഷമായ സമയത്ത് പിപിഇ കിറ്റ് വാങ്ങിയതിൽ ആരോഗ്യവകുപ്പ് അഴിമതി നടത്തിയെന്ന സിഎജി റിപ്പോർട്ട് തള്ളി മന്ത്രി വീണാ ജോർജ്. പിപിഇ കിറ്റ് കൂടിയ വിലയ്‌ക്ക് വാങ്ങിയെന്ന റിപ്പോർട്ടാണ് വീണാ ജോർജ് തള്ളിയത്. കൊവിഡ് മഹാമാരിയുടെ രണ്ടുഘട്ടത്തെയും അതിജീവിച്ച നാടാണ് കേരളമെന്നും അക്കാലത്തിനിടയിൽ ഇവിടെ ഒരു മൃതദേഹവും ഒഴുകി നടന്നിട്ടില്ലെന്നുമായിരുന്നു ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മറുപടി. പിപിഇ കിറ്റ് അഴിമതിയെക്കുറിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ സഭയിൽ പരാമർശിപ്പോഴായിരുന്നു വീണയുടെ വാക്കുകൾ.
വൈറസിന്റെ അതിരൂക്ഷ വ്യാപനത്തെ ഫലപ്രദമായി കൈകാര്യം ചെയ്ത സംസ്ഥാനമാണ് കേരളം. വെന്റിലേറ്റർ സൗകര്യം ലഭിക്കാതെ ആർക്കും ജീവൻ നഷ്ടമായിട്ടില്ല. ഇവിടെ മൃതദേഹങ്ങൾ ഒഴുകി നടന്നിട്ടില്ലെന്നും വീണാ ജോർജ് പറഞ്ഞു. ആരോഗ്യമന്ത്രിയുടെ വാദങ്ങൾക്ക് പിന്നാലെ സിഎജി റിപ്പോർട്ട് തള്ളി മുഖ്യമന്ത്രി പിണറായി വിജയനും സഭയിൽ മറുപടിയുമായെത്തി. വിഷയത്തിൽ അവ്യക്തത സൃഷ്ടിക്കുകയാണ് സിഎജി ചെയ്തതെന്നാണ് മുഖ്യമന്ത്രിയുടെ ന്യായീകരണം.
കൊവിഡ് കാലത്ത് ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ പിപിഇ കിറ്റ് അനിവാര്യമായിരുന്നു. കരാറിലേർപ്പെട്ട സ്ഥാപനം സമയത്ത് കിറ്റ് നൽകിയില്ല. അടിയന്തര സാഹചര്യത്തിൽ നിന്നാണ് നടപടികളെടുത്തത്. ഇക്കാര്യവുമായി ബന്ധപ്പെട്ട് സിഎജിക്ക് ഉചിതവും വ്യക്തവുമായ മറുപടി സർക്കാർ നൽകിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് രൂക്ഷമായ 2020 മാർച്ച് 28-നായിരുന്നു വിവാദത്തിന് ആസ്പദമായ സംഭവവികാസങ്ങളുണ്ടായത്. അനിത ടെക്സകോട്ട് എന്ന കമ്പനി 550 രൂപയ്‌ക്ക് പിപിഇ കിറ്റ് നൽകാമെന്ന് അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി മെഡിക്കൽ സർവീസസ് കോർപറേഷൻ 25,000 കിറ്റുകൾക്ക് ഓർഡർ നൽകി. എന്നാൽ, ഇതിൽ നിന്ന് 15,000 ഓർഡറുകൾ പിൻവലിക്കുകയാണുണ്ടായത്. തുടർന്ന് സാൻഫാർമ എന്ന കമ്പനിക്ക് ഈ ഓർഡർ നൽകി. പിപിഇ കിറ്റ് ഒന്നിന് 1,550 രൂപയാണ് സാൻഫാർമ വാങ്ങിയത്. ഇക്കാര്യങ്ങളാണ് സി.എ.ജി റിപ്പോർട്ടിൽ പരാമർശിക്കുന്നത്.















