കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാരുടെ അഭിപ്രായങ്ങളെ പിന്തുണച്ചാൽ മാത്രം പോരെന്നും അത് നടപ്പാക്കണമെന്നും സമസ്ത അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. കാന്തപുരത്തിന്റെ സ്ത്രീകളെ സംബന്ധിച്ച മതവിധിയെ ചിലർ പിന്തുണച്ചു. എന്നാൽ, പിന്തുണച്ചാൽ പോരാ നടപ്പിൽ വരുത്താൻ ശ്രമിക്കണം, ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
കഴിഞ്ഞ ദിവസം കുഴിമണ്ണയിൽ നടന്ന ഒരു പരിപാടിയിലാണ് പൊതുയിടങ്ങളിൽ സ്ത്രീയും പുരുഷനും ഇടകലരുന്നത് മതവിരുദ്ധമാണെന്ന് കാന്തപുരം പറഞ്ഞത്. കാന്തപുരം അബൂബക്കർ മുസ്ല്യാരുടെ പ്രസ്താവയ്‌ക്ക് പിന്തുണയുമായി സമസ്ത ഇകെ വിഭാഗവും എത്തിയിരുന്നു.
പണ്ഡിതൻമാർ മതവിധി പറയുന്നത് മതവിശ്വാസികളോടാണ്. മതനിഷേധികൾ അഭിപ്രായം പറയേണ്ട. മതപരമായ വിഷയങ്ങളിൽ പണ്ഡിതൻമാർ ഉപദേശം കൊടുക്കും. അത് ഉൾക്കൊള്ളാൻ കഴിയാത്തവർ അതിനെ പരിസഹിക്കേണ്ട. സമസ്തയിൽ മാത്രമല്ല മുസ്ലീം സമുദായത്തിന്റെ ഏത് വിഷയത്തിലും ഇതാണ് തങ്ങളുടെ നിലപാടെന്ന് സമസ്ത നേതാവ് സത്താർ പന്തല്ലൂർ പറഞ്ഞിരുന്നു. സ്ത്രീകളെ വീട്ടിലിരുത്തുന്ന കാര്യത്തിൽ കാന്തപുരത്തിന്റെ നിലപാട് ഐക്യത്തോടെ മുസ്ലീം പുരുഷ സമൂഹം ഏറ്റെടുക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.















