ഹൈദരാബാദ്: കാർ ഷോറൂമിൽ വൻ തീപിടിത്തം. ഹൈദരാബാദിലെ കുന്താപൂർ ജംഗ്ഷന് സമീപത്ത് സ്ഥിതിചെയ്യുന്ന കാർ ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. നിരവധി പുതിയ വാഹനങ്ങളാണ് തീപിടിത്തത്തിൽ കത്തിനശിച്ചത്. തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല.
കാർ ഷോറൂം പൂർണമായും കത്തിയമർന്ന നിലയിലാണ്. അഗ്നിശമനസേന ഉടൻ എത്തിയെങ്കിലും ഷോറൂമിനുള്ളിൽ സൂക്ഷിച്ചിരുന്ന കാറുകളെല്ലാം കത്തിനശിച്ചിരുന്നു. കെട്ടിടം പൂർണമായും കത്തിയമർന്ന നിലയിലാണ്. നാല് ഫയർ എഞ്ചിനുകൾ ഉപയോഗിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
പ്രദേശത്ത് പുക പടർന്നുകൊണ്ടിരിക്കുകയാണ്. തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ സമീപത്തുള്ള കെട്ടിടങ്ങളിൽ ജോലി ചെയ്തവരെ ഒഴിപ്പിച്ചിട്ടുണ്ട്. തീ പടരുന്നത് തടയുന്നതിന് രണ്ട് ഫയർ എഞ്ചിനുകൾ കൂടി അധികമായി ഉപയോഗിച്ചിരുന്നു.
ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷം മാത്രമേ തീപിടിത്തതിനുള്ള കാരണം വ്യക്തമാവുകയുള്ളൂവെന്ന് അഗ്നിശമനസേന ഉദ്യോഗസ്ഥൻ പറഞ്ഞു.















