ഗുരുവായൂർ: തുളസിത്തറയിൽ സാമൂഹ്യവിരുദ്ധ പ്രവൃത്തി ചെയ്ത യുവാവിന്റെ ഉടമസ്ഥതയിലുള്ള നാഷണൽ പാരഡൈസ് ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കാൻ നീക്കം. ഇക്കാര്യം അറിയിച്ച് ഗുരുവായൂർ മുനിസിപ്പാലിറ്റി നോട്ടീസ് നൽകി. 2024-25 വർഷത്തിൽ ഹോട്ടലിന്റെ ലൈസൻസ് പുതുക്കിയിട്ടില്ലെന്ന് മുനിസിപ്പാലിറ്റി നൽകിയ നോട്ടീസിൽ പറയുന്നു. കാരണംകാണിക്കൽ നോട്ടീസാണ് നഗരസഭ നൽകിയിരിക്കുന്നത്. ഹോട്ടൽ അടച്ച് പൂട്ടുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കിൽ 48 മണിക്കൂറിനകം അറിയിക്കണമെന്ന് നോട്ടീസിൽ പറയുന്നു.
ഉടമക്കെതിരെ കേസെടുത്ത് അന്വേഷണം നടക്കുന്നതിനാലും ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തുന്നവർക്ക് അപായസാധ്യതയുള്ളതിനാലും അനുവദിക്കപ്പെട്ട ലൈസൻസ് പുനഃപരിശോധിക്കപ്പെടേണ്ട സാഹചര്യമുണ്ടെന്നാണ് കാരണം കാണിക്കൽ നോട്ടീസിൽ പറയുന്നത്.
ഏതാനും ആഴ്ചകൾക്ക് മുൻപായിരുന്നു തുളസിത്തറയെ അധിക്ഷേപിച്ചുകൊണ്ടുള്ള സംഭവം ഗുരുവായൂരിൽ നടന്നത്. പാരഡൈസ് ഹോട്ടലുടമയായ ഹക്കീം തുളസിത്തറയിൽ സാമൂഹ്യവിരുദ്ധ പ്രവൃത്തി ചെയ്യുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയും പ്രതിഷേധം കനക്കുകയും ചെയ്തു. തുടർന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ 25 വർഷമായി മാനസികാസ്വാസ്ഥ്യമുള്ളയാളാണ് യുവാവെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. എന്നാൽ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ഇയാൾ ഗുരുവായൂരിൽ ഹോട്ടൽ നടത്തിയിരുന്നുവെന്നത് ജനങ്ങളിൽ ആശങ്ക വർദ്ധിപ്പിച്ചു. ഇതോടെയാണ് ഹോട്ടലിനെതിരെ നടപടി സ്വീകരിക്കാൻ ഗുരുവായൂർ മുനിസിപ്പാലിറ്റി അധികൃതർ നിർബന്ധിതരായത്.















