മുംബൈ: ഗുജറാത്തിലെ ജാംനഗറിൽ ലോകത്തിലെ ഏറ്റവും വലിയ എഐ ഡാറ്റാ സെൻ്റർ നിർമ്മിക്കാനൊരുങ്ങി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. പദ്ധതി ഇന്ത്യയുടെ അതിവേഗം വളരുന്ന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കഴിവുകൾക്ക് ശക്തമായ മുന്നേറ്റം നൽകുമെന്നാണ് പ്രതീക്ഷ.
രാജ്യത്തിന്റെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചർ കെട്ടിപ്പടുക്കുന്നതിൽ ഡാറ്റാ സെന്റർ നിർണായക പങ്കുവഹിക്കും. കൂടാതെ ആഗോള എഐ കുതിപ്പിൽ ഇന്ത്യയെ കൂടുതൽ മത്സരബുദ്ധിയുള്ള രാഷ്‌ട്രമാക്കി മാറ്റാൻ സഹായിക്കുകയും ചെയ്യും. പ്രമുഖ AI ടെക്‌നോളജി ഡെവലപ്പറായ NVIDIA യുമായി സഹകരിച്ചാണ് റിലയൻസ് ഡാറ്റ സെന്റർ നിർമ്മിക്കുന്നത്. പദ്ധതി മുന്നിൽകണ്ട് NVIDIA യിൽ നിന്ന് ലോകത്തിലെ നൂതന സെമി കണ്ടക്ടറുകൾ വാങ്ങി റിലയൻസ് എഐ സാങ്കേതിക വിദ്യകളിൽ തന്ത്രപരമായ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്.
2024 ഒക്ടോബറിൽ നടന്ന NVIDIA AI ഉച്ചകോടിയിൽ, ഇന്ത്യയിൽ AI ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കുന്നതിന് റിലയൻസും NVIDIA-യും പങ്കാളികളായി പ്രഖ്യാപിച്ചിരുന്നു. റിലയൻസിന് ഒരു ജിഗാവാട്ട് ശേഷിയുള്ള ഡാറ്റ സെന്റർ നിർമ്മിക്കാൻ അത്യാധുനിക ബ്ലാക്ക്‌വെൽ AI പ്രോസസറുകൾ NVIDIA നൽകും. ഉച്ചകോടിക്കിടെ മുകേഷ് അംബാനിയുമായി കൂടിക്കാഴ്ച നടത്തിയ NVIDIA സിഇഒ ജെൻസൻ ഹുവാങ് ഇന്ത്യക്ക് സ്വന്തമായി എ ഐ നിർമ്മിക്കാൻ കഴിയുമെന്ന ഉറപ്പ് നൽകി.















