ലണ്ടനിൽ ഏകദേശം 5,85,000 അനധികൃത കുടിയേറ്റക്കാരുണ്ടെന്ന് റിപ്പോർട്ട്. നഗരത്തിൽ ജീവിക്കുന്ന 12 പേരിൽ ഒരാൾ കുടിയേറി താമസിക്കുന്നതാണെന്നാണ് കണ്ടെത്തൽ. ബ്രിട്ടീഷ് അതിർത്തികൾ സംരക്ഷിക്കുന്നതിൽ അധികൃതർക്ക് വീഴ്ച സംഭവിച്ചെന്ന സൂചനയാണ് ഇതുനൽകുന്നത്. യുകെയിലെ തമേസ് വാട്ടർ (Thames Water) നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. രാജ്യത്താകെ ഒരു ദശലക്ഷത്തോളം അനധികൃത കുടിയേറ്റക്കാരുണ്ടെന്നും ഇതിൽ 60 ശതമാനം പേരും ലണ്ടനിലാണ് താമസിക്കുന്നതെന്നുമാണ് റിപ്പോർട്ട്.
അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. ലണ്ടനിലെ അധികൃതർ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
പഠിക്കാനും ജോലിക്കുമായെത്തിയവരും വിസിറ്റിംഗ് വിസയിൽ വന്നവരുമാണ് അനധികൃത കുടിയേറ്റക്കാരായി മാറിയത്. നിർദിഷ്ട സമയം കഴിഞ്ഞിട്ടും ഇവർ യുകെയിൽ തന്നെ തുടരുന്നുവെന്നാണ് റിപ്പോർട്ട്. 2017ലെ കണക്കുകൾ വച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. അതിനാൽ യഥാർത്ഥ സംഖ്യ ഇതിലും കൂടുതലാകുമെന്നാണ് കണക്ക്. പുതുവർഷം തുടങ്ങിയതിന് ശേഷം മാത്രം ആയിരത്തോളം കുടിയേറ്റക്കാർ അതിർത്തി കടന്നെത്തിയിട്ടുണ്ട്. 2024ൽ 38,816 പേരാണ് എത്തിയത്.
അമേരിക്കയിൽ അനധികൃത കുടിയേറ്റക്കാർക്കെതിരെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കർശന നടപടികൾ സ്വീകരിക്കുന്നത് വലിയ ചർച്ചയാകുന്നതിന്റെ പശ്ചാത്തലത്തിലാണ് യുകെയിൽ നിന്നുള്ള റിപ്പോർട്ട് വരുന്നത്. അമേരിക്കയിൽ അനധികൃത കുടിയേറ്റം നിർത്തലാക്കാൻ മെക്സിക്കൻ അതിർത്തിയിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കുമെന്നും വ്യവസ്ഥകൾ കർശനമാക്കുമെന്നുമാണ് ട്രംപിന്റെ പ്രഖ്യാപനം.















