2025 ലെ ഓസ്‌കർ നോമിനേഷനുകൾ പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന ഓൾ വി ഇമാജിൻ അസ് ലൈറ്റ് പട്ടികയിൽ ഇടപിടിച്ചില്ല. എന്നിരുന്നാലും ഡൽഹി പശ്ചാത്തലമായി ചിത്രീകരിച്ച അനുജ എന്ന ഷോട്ട് ഫിലിം മികച്ച ലൈവ് ആക്ഷൻ ഷോട്ട് ഫിലിമിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടു. അധികമാരും ശ്രദ്ധിക്കപ്പെടാതെ പോയ, എന്നാൽ പ്രിയങ്ക ചോപ്ര, മിൻഡി കാലിംഗ്, ഗുണീത് മോംഗ തുടങ്ങിയ പ്രമുഖർ അണിയറയിൽ കൈകോർത്ത ഹ്രസ്വ ചിത്രമാണിത്.
ഒരു വശത്ത് വിദ്യാഭ്യാസവും മറുവശത്ത് സഹോദരിയോടൊപ്പമുള്ള ഫാക്ടറി ജോലിയും, ഇതിൽ ഏത് തിരഞ്ഞെടുക്കണമെന്ന നിർണായക ഘട്ടത്തിലൂടെ കടന്നുപോകുന്ന ‘അനുജ’ എന്ന ഒൻപതുവയസുകാരിയാണ് ഷോർട്ട് ഫിലിമിലെ പ്രധാന കഥാപാത്രം. ചിത്രത്തിൽ അനുജയെ അവതരിപ്പിക്കുന്ന സജ്ദ പഠാന്റെ യഥാർത്ഥ ജീവിതവും സിനിമയെ വെല്ലുന്ന കഥയാണ്. അനുജ സജ്ദയുടെ രണ്ടാമത്തെ ചിത്രമാണ്. മുൻപ് ലെറ്റിഷ്യ കൊളംബാനി സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രമായ ദി ബ്രെയ്‌ഡാണ് (ലാ ട്രെസ്സെ) ആദ്യ ചിത്രം.
ഡൽഹിയിലെ ഒരു ചേരിയിൽ ബാലവേല ചെയ്ത് ജീവിച്ചിരുന്ന പെൺകുട്ടിയാണ് സജ്ദ. സലാം ബാലക് ട്രസ്റ്റ് എന്ന സന്നദ്ധ സംഘടനയാണ് അവളെ രക്ഷിച്ച് ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റുന്നത്. ഇപ്പോൾ ട്രസ്റ്റിന്റെ ഡേ കെയർ സെൻ്ററിലാണ് സജ്ദ കഴിയുന്നത്. ‘അനുജ’ നിർമ്മിക്കുന്നതിൽ സലാം ബാലക് ട്രസ്റ്റും പങ്കാളികളായിരുന്നു. ആദം ജെ ഗ്രേവ്‌സും സുചിത്ര മട്ടായിയും ചേർന്ന് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രണ്ട് തവണ ഓസ്കാർ നേടിയ നിർമ്മാതാവ് ഗുണീത് മോംഗയും നദി പ്രിയങ്ക ചോപ്രയുമാണ്. ഹോളിവുഡ് നടൻ മിൻഡി കാലിംഗാണ് നിർമ്മാതാവ്.
മാർച്ച് രണ്ടിന് ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിലാണ് 2025 ലെ അക്കാദമി അവാർഡുകളുടെ പ്രഖ്യാപനം. മികച്ച ലൈവ് ആക്ഷൻ ഷോർട്ട് വിഭാഗത്തിൽ ‘എ ലിയൻ’, ‘ഐ ആം നോട്ട് എ റോബോട്ട്’, ‘ദി ലാസ്റ്റ് റേഞ്ചർ’, ദ മാൻ ഹു വുഡ് റിമെയ്ൻ സൈലന്റ്’ എന്നെ ചിത്രങ്ങൾക്കൊപ്പമാണ് ‘അനുജ’ മത്സരിക്കുന്നത്.















