പ്രേക്ഷക ഹൃദയം കവർന്ന് രാമായണ; ദി ലെജൻഡ് ഓഫ് പ്രിൻസ് രാമ’ വീണ്ടും തിയേറ്ററുകളിൽ. കാലാതീതമായ ഇതിഹാസ കഥ മനംമയക്കുന്ന 4K ദൃശ്യമികവിൽ ആസ്വദിക്കാനായ സന്തോഷത്തിലാണ് പ്രേക്ഷകർ. ബന്ധങ്ങളുടെ സങ്കീർണത, തിന്മയുടെമേൽ നന്മയുടെ വിജയം, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഐക്യം, സൗഹൃദം, വിശ്വാസം തുടങ്ങി നിരവധി പ്രമേയങ്ങളിലൂടെ സിനിമ കടന്നുപോകുന്നു.
32 വർഷങ്ങൾക്ക് ശേഷമാണ് ജാപ്പനീസ്-ഇന്ത്യൻ ആനിമേഷൻ ചിത്രമായ രാമായണ: ദി ലെജൻഡ് ഓഫ് പ്രിൻസ് രാമ തിയേറ്ററുകളിലെത്തിയത്. രാമന്റെ കഥപറയുന്ന ചിത്രം തീയേറ്റർ പ്രദർശനത്തിനുമുൻപായി കുംഭമേളയിലും പ്രദർശിപ്പിച്ചിരുന്നു. ഇംഗ്ലീഷിനൊപ്പം ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.
കൊയിച്ചി സസാക്കിയും റാം മോഹനും ചേർന്നാണ് ചിത്രത്തിന്റെ സംവിധാനം. 1993-ൽ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ചിത്രം റിലീസ് ചെയ്തിരുന്നു. പിന്നീട് കാർട്ടൂൺ നെറ്റ്‌വർക്കിലൂടെ സംപ്രേഷണം ചെയ്തിരുന്നു. മൂന്ന് പതിറ്റാണ്ടിന് ശേഷം ദൃശ്യ-ശബ്ദ മികവോടെ വീണ്ടും റിലീസ് ചെയ്ത ചിത്രം ഗീക്ക് പിക്‌ചേഴ്‌സ് ഇന്ത്യ, അനിൽ അദാനിയുടെ എഎ ഫിലിംസ്, ഫർഹാൻ അക്തർ, റിതേഷ് സിധ്വാനിയുടെ എക്സൽ എൻ്റർടെയ്ൻമെൻ്റ് എന്നിവർ ചേർന്നാണ് വിതരണം ചെയ്യുന്നത്.