ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന സംവിധായകൻ ഷാഫിയെ കാണാൻ നടൻ മമ്മൂട്ടി എത്തി. ജനുവരി 16നാണ് ഷാഫിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെൻ്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തുന്നത്. കരൾ രോഗത്തെ തുടർന്നാണ് സംവിധായകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മമ്മൂട്ടിക്കൊപ്പം നിർമാതാക്കളായ ആൻ്റോ ജോസഫ്, രജപുത്ര രഞ്ജിത്ത് എന്നിവരുമുണ്ടായിരുന്നു. സിനിമ പ്രവർത്തകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ആശുപത്രിയിൽ തന്നെയുണ്ട്. മമ്മൂട്ടിക്ക് ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച സംവിധായകനാണ് ഷാഫി. തൊമ്മനും മക്കളും, മായാവി, ചട്ടമ്പിനാട്, വെനീസിലെ വ്യാപാരി എന്നീ ചിത്രങ്ങളിലാണ് ഷാഫിയും മമ്മൂട്ടിയും ഒരുമിച്ചത്. റാഫി മെക്കാര്‍ട്ടിന്‍ സംവിധായക ജോഡിയിലെ റാഫിയുടെ സഹോദരനാണ് ഷാഫി. സംവിധായകന്‍ സിദ്ദിഖ് ഇവരുടെ അമ്മാവനാണ്.