തിരുവനന്തപുരം: കഠിനംകുളത്തെ ആതിരയുടെ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് പൊലീസ്. പ്രതി ജോൺസൺ കൊലപ്പെടുത്തക എന്ന ലക്ഷ്യത്തോടെയാണ് ആതിരയുടെ വീട്ടിലെത്തിയത്. ഇതിനായി ചിറയിൻകീഴിൽ നിന്നാണ് കത്തി വാങ്ങിയത്. കൈയിൽ കരുതിയിരുന്ന കത്തി കിടപ്പുമുറിയിലെ മെത്തയ്‌ക്ക് അടിയിൽ ഒളിപ്പിച്ചു. ശാരീരിക ബന്ധത്തിനിടെ ആതിരയുടെ കഴുത്തിൽ കത്തി കുത്തിയിറക്കുകയായിരുന്നു എന്നാണ് ജോൺസന്റെ മൊഴി. ഒപ്പം വരാൻ സമ്മതിക്കാതിരുന്നതോടെയാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും ഇയാൾ മൊഴി നൽകി.
ബൈക്ക് വിറ്റ ശേഷമാണ് ആതിരയെ കാണാൻ തിരുവനന്തപുരത്ത് എത്തിയത്. കൊല നടന്ന ദിവസം പെരുമാതുറയിലെ മുറിയിൽ നിന്ന് രാവിലെ ആറരയോടെയാണ് ആതിരയുടെ കഠിനംകുളത്തെ വീട്ടിലെത്തിയത്. ഭർത്താവും കുഞ്ഞും ഉള്ളതിനാൽ വീടിന് പിന്നിൽ ഒളിച്ചിരുന്നു. ഇതിനിടെ ഇരുവരും ഫോൺവഴി ബന്ധപ്പെട്ടിരുന്നു. പൂജാരിയായ ഭർത്താവ് ക്ഷേത്രത്തിലേക്കും മകൻ സ്കൂളിലേക്ക് പോയെന്നും ഉറപ്പാക്കിയ ശേഷമാണ് പ്രതി വീട്ടിലേക്ക് കയറിയത്.
ജോൺസന് ചായ നൽകിയാണ് ആതിര സ്വീകരിച്ചത്. പിന്നാലെ മകനെയും കൂട്ടി ഒപ്പം വരണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആതിര ഇത് നിരസിച്ചു. തുടർന്ന് സ്നേഹപൂർവം ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു. ശരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ നേരത്തെ ബെഡിനടിയിൽ ഒളിപ്പിച്ചിരുന്ന കത്തിയെടുത്ത് ആതിരയുടെ കഴുത്തിൽ കുത്തിയിറക്കുകയായിരുന്നു. വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ ജോൺസണും ആതിരയും ഇൻസ്റ്റഗ്രാം വഴിയാണ് പരിചയപ്പെടുന്നത്. ഇയാൾ നിലവിൽ വിവാഹമോചിനാണ്.