പത്തനാപുരം: പുലിപ്പേടിയിൽ വീണ്ടും പത്തനാപുരം. പിടവൂരിൽ കഴിഞ്ഞ ദിവസവും പുലിയിറങ്ങി. പുലി റോഡ് മുറിച്ചു കടക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. വനം വകുപ്പ് കൂടും ക്യാമറയും സ്ഥാപിച്ചെങ്കിലും പുലിയെ പിടികൂടാനായിട്ടില്ല.ഒരാഴ്ചയ്‌ക്കിടെ ജനവാസ മേഖലയിലെ വിവിധയിടങ്ങളിൽ പുലിയിറങ്ങി. ഒന്നിലധികം പുലികൾ ഉണ്ടോ എന്നും ആശങ്കയുണ്ട്.
പത്തനാപുരത്ത് കഴിഞ്ഞ ദിവസവും ജനവാസ മേഖലയിൽ പുലി ഇറങ്ങിയിരുന്നു. പത്തനാപുരം കിഴക്കേ ഭാഗം മാക്കുളത്ത് മാന്തുണ്ടിൽ സണ്ണിയുടെ വീടിന്റെ സമീപത്തുള്ള റബർ തോട്ടത്തിലാണ് പുലിയെത്തിയത്. പുലി വളർത്തുനായയെ ഓടിച്ചു. പുലിയെ കണ്ട വീട്ടുകാർ നാട്ടുകാരേയും ഫോറസ്റ്റ് സംഘത്തെയും വിവരമറിയിച്ചു. പിന്നീട് പരിശോധന നടത്തി.വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ഒട്ടേറെ നേരം തിരഞ്ഞെങ്കിലും പുലിയെ കണ്ടെത്തിയില്ല.
വന്യമൃഗശല്യം കാരണം പൊറുതിമുട്ടിയ അവ സ്ഥയിലാണ് പത്തനാപുരം താലൂക്കിലെ പള്ളിമുക്ക്, മാമ്മൂട്, കരിമ്പാലൂർ, പുന്നല, കടശ്ശേരി, ആനകുളം, കടയ്‌ക്കാമൺ കിഴക്കേ ഭാഗം, മാക്കുളം, ചേകം, തര്യൻ തോപ്പ് ഭാഗം, കൂടൽമുക്ക്, അരുവിത്തറ, പിടവൂർ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ. മുൻപ് തോട്ടം, വനമേഖലകളുള്ള പത്തനാപുരം, പിറവന്തൂർ പഞ്ചായത്തുകളിൽ ചില ഭാഗങ്ങളിൽ മാത്രമുണ്ടായിരുന്ന ശല്യമാണ് അടുത്തകാലത്തായി എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിച്ചത്.
പ്രതിനിധാന ചിത്രം















