ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരേഡിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കാൻ ഇന്ത്യയിലെത്തിയ ഇൻഡോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
ഇന്ത്യയും ഇൻഡോനേഷ്യയുമായുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കുന്നതിനുള്ള മാർഗങ്ങളായിരുന്നു കൂടിക്കാഴ്ചയിലെ മുഖ്യ ചർച്ചാ വിഷയമെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി. ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയത്തിൽ പ്രധാന പങ്കാളിയാണ് ഇൻഡേനേഷ്യയെന്നും രൺധീർ ജയ്‌സ്വാൾ ചൂണ്ടിക്കാട്ടി.
നേരത്തെ രാഷ്‌ട്രപതി ഭവനിൽ പ്രബോവോ സുബിയാന്തോയ്‌ക്ക് ഔദ്യോഗിക സ്വീകരണം നൽകിയിരുന്നു. പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും ചടങ്ങിൽ പങ്കെടുത്തു. ഇന്നലെയാണ് പ്രബോവോ സുബിയാന്തോ ഇന്ത്യയിലെത്തിയത്.
രാവിലെ രാജ്ഘട്ടിൽ പുഷ്പചക്രം സമർപ്പിച്ച് രാഷ്‌ട്രപിതാവിന് ആദരവർപ്പിച്ച ഇൻഡോനേഷ്യൻ പ്രസിഡന്റ് ഇവിടുത്തെ സന്ദർശക പുസ്തകത്തിലും അനുഭവവും കുറിച്ചു. ഇൻഡോനേഷ്യൻ വിദേശകാര്യമന്ത്രി പബിത്ര മാർഗെരീറ്റയും പ്രതിനിധിസംഘവും പ്രബോവോ സുബിയാന്തോയെ അനുഗമിക്കുന്നുണ്ട്.
ഒക്ടോബറിൽ ഇൻഡോനേഷ്യൻ പ്രസിഡന്റായി ചുമതലയേറ്റ ശേഷം പ്രബോവോ സുബിയാന്തോയുടെ ആദ്യ ഇന്ത്യ സന്ദർശനമാണിത്. ഇന്ത്യയെ വലിയ സുഹൃത്തായിട്ടാണ് ഇൻഡോനേഷ്യ കാണുന്നതെന്നും ഇരുരാജ്യങ്ങളും തമ്മിൽ അടുത്ത സഹകരണവും പങ്കാളിത്തവും ഉറപ്പുവരുത്താൻ പ്രതിജ്ഞാബദ്ധമാണെന്നും പ്രബോവോ സുബിയാന്തോ നേരത്തെ പ്രതികരിച്ചിരുന്നു.