ഒട്ടാവ: രാഷ്‌ട്രീയ പ്രതിസന്ധികൾക്കിടയിൽ കാനഡ വീണ്ടും അന്താരാഷ്‌ട്ര വിദ്യാർത്ഥി പെർമിറ്റുകൾ വെട്ടിക്കുറച്ചു. 2025 ൽ 4.37 ലക്ഷം സ്റ്റഡി പെർമിറ്റുകൾ നൽകാനാണ് തീരുമാനമെന്ന് ഇമിഗ്രേഷൻ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
2024 നെ അപേക്ഷിച്ച് 10 ശതമാനം കുറവാണിത്. തുടർച്ചയായ രണ്ടാം വർഷമാണ് അന്താരാഷ്‌ട്ര വിദ്യാർത്ഥി പെർമിറ്റുകളുടെ എണ്ണം കാനഡ വെട്ടിക്കുറയ്‌ക്കുന്നത്. 2023-ൽ, കാനഡ 6.5 ലക്ഷം വിദേശ വിദ്യാർത്ഥികൾക്കാണ് പഠനാനുമതി നൽകിയത്.
രാജി പ്രഖ്യാപിച്ച പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കുടിയേറ്റം നിയന്ത്രിക്കുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു. കുടിയേറ്റത്തിന് പൊതുജന പിന്തുണ കുറയുന്നതായാണ് സമീപകാല സർവേകൾ പറയുന്നത്. എന്നാൽ താമസ സൗകര്യം അടക്കമുള്ള അടിസ്ഥാന സൗകര്യ ങ്ങളുടെ അഭാവമാണ് ഇത്തരം ഒരു തീരുമാനത്തിന് പിന്നിലെന്നാണ് കാനഡ നൽകുന്ന വിശദീകരണം.
2024 കണക്ക് പ്രകാരം 10 ലക്ഷത്തിലേറെ വിദേശ വിദ്യാർഥികൾ കാനഡയിലുണ്ട്. ഇതിൽ 3.19 ലക്ഷം പേർ ഇന്ത്യക്കാരാണെന്നാണ് കണക്ക്. ഒരു പതിറ്റാണ്ടിനിടെ വിദേശ വിദ്യാർഥികളുടെ എണ്ണം മൂന്നിരട്ടിയായതോടെ കുടിയേറ്റ നിയന്ത്രണം പ്രധാന രാഷ്‌ട്രീയ പ്രചാരണവിഷയമാകുകയും ചെയ്തു.















