ന്യൂഡൽഹി: ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിന്റെ വാർഷികയോഗത്തിൽ ഇന്ത്യയ്‌ക്ക് ലഭിച്ചത് 20 ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം. സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ മഹാരാഷ്‌ട്രയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. മൊത്തം നിക്ഷേപത്തിന്റെ 80 ശതമാനവും സാമ്പത്തിക തലസ്ഥാനത്തേക്കാണ് ഒഴുകിയത്. 16 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ള 15.70 ലക്ഷം കോടി രൂപയുടെ 61 ധാരണാപത്രങ്ങളിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള സംഘം ഒപ്പുവച്ചു. വിദർഭ മേഖലയുടെ ആരംഭിക്കാനിരിക്കുന്ന ലിഥിയം ബാറ്ററിനിർമ്മാണ പദ്ധതി മാത്രം പ്രത്യക്ഷവും പരോക്ഷവുമായ 8,760 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.
ഹരിത ഊർജം, അത്യാധുനിക സാങ്കേതികവിദ്യയുടെ വികസനം, ഡാറ്റാ സെൻ്ററുകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു നിക്ഷേപം. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിൽ അഞ്ച് കേന്ദ്രമന്ത്രിമാരും മൂന്ന് മുഖ്യമന്ത്രിമാരും അടങ്ങുന്ന സംഘമാണ് ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുത്തത്. അഞ്ച് ദിവസം നീണ്ടു നിന്ന പരിപാടി വെള്ളിയാഴ്ചയാണ് സമാപിച്ചത്.
ലോക രാജ്യങ്ങൾക്ക് ഇന്ത്യയിലുള്ള വിശ്വാസമാണ് നിക്ഷേപം ആകർഷിക്കാനുള്ള പ്രധാന അടിസ്ഥാനമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. എല്ലാ സംസ്ഥാനങ്ങൾക്കും മന്ത്രാലയങ്ങൾക്കും പ്രധാന്യം നൽകികൊണ്ടുള്ള ‘ടീം ഇന്ത്യ’ പവലയിൽ ദാവോസിലെ മുഖ്യശ്രദ്ധാ കേന്ദ്രമായി. കേന്ദ്ര-സംസ്ഥാന മന്ത്രിമാരും വിവിധ രാഷ്‌ട്രീയ കക്ഷികളുടെ പ്രതിനിധികളും ചേർന്ന് ആദ്യമായി ഇന്ത്യയ്‌ക്ക് പുറത്ത് സംയുക്ത വാർത്താസമ്മേളനവും നടത്തി.
ആഗോള രാഷ്‌ട്രീയ-സാമ്പത്തിക പ്രതിസന്ധികൾക്കിടയിലാണ് ദാവോസിലെ ലോക സാമ്പത്തിക ഫോറം നടന്നത്. ഊർജ്ജസ്വല ജനാധിപത്യം നിലനിൽക്കുന്ന രാജ്യമായി ലോകത്തിന് മുമ്പിൽ ഇന്ത്യ ഉയർന്നു നിൽക്കുന്നു. ഏവരേയും ഉൾക്കൊള്ളുന്ന വികസനത്തിന് വേണ്ടിയാണ് രാജ്യം നിലകൊള്ളുന്നതെന്ന് ഇന്ത്യ ലോകത്തിന് കാണിച്ചുകൊടുത്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ (WEF) അടുത്ത വാർഷിക യോഗം 2026 ജനുവരി 19 മുതൽ 23 വരെ ദാവോസിൽ നടക്കും.















